പാലാ: കെ.എം മാണി സ്മാരക ജനറൽ ആശുപത്രി കാമ്പസിനെ ശുചിത്വ സുന്ദര ഹരിതസമൃദ്ധമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോയും വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനവും സംയുക്തമായി നിർവഹിച്ചു.
പാലാ നഗരസഭയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി പരിസരം ശുചീകരിക്കുകയും ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പി.എസ്.ഡബ്‌ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എം.അരുൺ, ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തൻ, കൗൺസിലർമാരായ ബിജി ജോജോ കുടക്കച്ചിറ, സാവിയോ കാവുകാട്ട്, ആശുപത്രി വികസനസമിതിയംഗം ജയ്‌സൺ മാന്തോട്ടം, ഡി.എം.ഒ ഡോ.രേഷ്മാ സുരേഷ്, നഴ്‌സിങ്ങ് സൂപ്രണ്ട് മേരി മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.