
കോട്ടയം : രാത്രി ഏറെ വൈകിയും പ്രിയസഖാവിനെ ഒരുനോക്ക് കണ്ട് അന്ത്യാഭിവാദ്യമർപ്പിക്കാൻ ജില്ലാതിർത്തി മുതൽ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനം മുതൽ ഒപ്പമുണ്ടായിരുന്ന സമകാലീനർ, സഹോദര തുലന്യനായി കണ്ട് സ്നേഹിച്ച പാർട്ടി സഖാക്കൾ അങ്ങനെ ഒരുപാട് പേർ. പ്രിയസഖാവിന് മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ചു. തലസ്ഥാനത്തേയ്ക്ക് ജീവിതം പറിച്ചുനട്ടപ്പോഴും അടിമുടി കോട്ടയംകാരനായിരുന്നു കാനം. സംഘടന കെട്ടിപ്പടുക്കാൻ വിയർത്തൊലിച്ച് നടന്ന വഴികളിലൂടെ അദ്ദേഹം ഇന്നലെ അവസാനമായി യാത്ര ചെയ്തു. രാത്രി വൈകി ജില്ലാ അതിർത്തിയായ ചങ്ങനാശേരിയിൽ എത്തിയ വിലാപയാത്രയെ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി കെ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ജില്ലയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു. കുറിച്ചി, ചിങ്ങവനം, നാട്ടകം, തിരുനക്കര എന്നിവിടങ്ങളിൽ പ്രവർത്തകരും പൊതുജനങ്ങളും അടക്കം നൂറുകണക്കിന് പേർ രാത്രി വൈകിയും അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിന്നിരുന്നു. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ പി.പി ജോർജ്ജ് സ്മാരകത്തിലേയ്ക്ക് കാനത്തെ എത്തിക്കുമ്പോൾ ചങ്കുപൊട്ടിയുള്ള മുദ്രാവാക്യം ഉയർന്നു. ആദ്യമായി കാനത്തിന്റെ വരവിൽ ദു:ഖം തളംകെട്ടി.
ഉള്ളുവിങ്ങി നാട്
കൊച്ചുകളപ്പുരയിടം വീട്ടിൽ ഇന്നലെ കാനം രാജേന്ദ്രന്റെ ഓർമകൾ മാത്രമാണ് നിറഞ്ഞത്. വല്ലപ്പോഴും എത്തുമ്പോൾ സന്തോഷത്തോടെ കാണാനെത്തുന്ന പ്രവർത്തകരുടെയൊക്കെ ഉള്ളുവിങ്ങി. പ്രിയസഖാവിന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങളിൽ കാനമെന്ന കൊച്ചുനാട് നിറഞ്ഞു. കാനത്തിന്റെ സ്നേഹ ശാസനകളേറ്റുവാങ്ങാത്ത ഒരു പാർട്ടിക്കാരൻ പോലുമില്ല നാട്ടിൽ. ആശുപത്രിയിലേയ്ക്കുള്ള പോകുംവഴി കഴിഞ്ഞ 25നാണ് അവസാനം വീട്ടിലെത്തിയത്. പാർട്ടി ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് വിശ്രമ ജീവിതം കാനത്തെ വീട്ടിലാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒടുവിൽ പാർട്ടിയുടെ തലപ്പത്തിരിക്കെ കാനത്തെ വീട്ടിൽ അന്ത്യവിശ്രമം തീർക്കുകയായിരുന്നു കാലം.
അനുശോചിച്ചു
പാലാ : കാനം രാജേന്ദ്രന്റെ നിര്യാണം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ അഭിപ്രായപ്പെട്ടു. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം ആർ ഉല്ലാസ്, വൈസ് ചെയർമാൻ സജീവ വയല, ജോയിന്റ് കൺവീനർ കെ ആർ ഷാജി, കമ്മിറ്റി അംഗങ്ങളായ രാമപുരം സി ടി രാജൻ, അനീഷ് പുല്ലുവേലി, സുധീഷ് ചെമ്പൻകുളം, സാബു പിഴക്, സജി ചേന്നാട് എന്നിവർ സംസാരിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള ജനപക്ഷം (സെക്യുലർ) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ജനതാദൾ എസ് ജില്ലാ സെക്രട്ടറി കെ എസ് രമേഷ് ബാബു അനുശോചിച്ചു.