kanam-veedu

പൊൻകുന്നം : കാനം രാജേന്ദ്രൻ എം.എൽ.എ ആയതിനുശേഷമാണ് സ്വന്തം ഗ്രാമത്തിലൂടെ സർവീസ് ബസ് ഓടിത്തുടങ്ങിയത്. കാനത്തിന്റെ വീടായ കൊച്ചുകളപ്പുരയിടം വീടിന് സമീപമുള്ള ബസ് സ്റ്റോപ്പ് ഇന്നും എം.എൽ.എ പടി എന്നാണ് അറിയപ്പെടുന്നത്. 1969 ന് ശേഷം ദീർഘകാലം കേരള കോൺഗ്രസിന്റെ കൈവശമായിരുന്ന വാഴൂർ മണ്ഡലം തിരിച്ചുപിടിച്ചായിരുന്നു 1982 ൽ കാനത്തിന്റെ ആദ്യജയം. കേരള കോൺഗ്രസിലെ എം.ക.ജോസഫിനെയാണ് 2243 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.തുടർന്ന് 1987 ൽ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിക്കാൻ കളത്തിലിറക്കിയത് പി.ടി.ചാക്കോയുടെ മകൻ പി.സി.തോമസിനെ. എന്നിട്ടും കാനം 5419 വോട്ടുകൾക്ക് വിജയിച്ചു. കാനം എം.എൽ.എ ആയിരുന്ന 9 വർഷക്കാലം വാഴൂരിന്റെ സുവർണ്ണകാലമായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായിരുന്നു അദ്ദേഹം മുൻതൂക്കം നൽകിയത്. നിരവധി ഗ്രാമീണറോഡുകൾ നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്തു. 1979 ൽ തറക്കല്ലിട്ടെങ്കിലും തുടർനടപടികൾ മുടങ്ങിപ്പോയ വാഴൂർ ഗവ.പ്രസിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. പൊൻകുന്നം പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിച്ചതും വിദ്യാഭ്യാസ ജില്ലാ ഓഫീസിന് സ്വന്തമായി കെട്ടിടം ഉണ്ടായതും കാനത്തിന്റെ കാലത്താണ്. ഇളപ്പുങ്കൽ കാനംവഴി ബസ് സർവീസും ആരംഭിച്ചു. മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിലെത്തി പോലും ജനങ്ങളെ കാണുന്ന എം.എൽ.എ ആയിരുന്നു കാനം രാജേന്ദ്രനെന്ന് നാട്ടുകാർ ഓർമ്മിക്കുന്നു.