ഭരണങ്ങാനത്ത് അഞ്ച് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധർ
പാലാ: ആരാണീ കൊടിയ പാപം ചെയ്തത്...? അഞ്ച് വീട്ടുകാർ കുടിക്കാനും കുളിക്കാനും വെള്ളമെടുക്കുന്ന കിണറ്റിൽ കൊടുംവിഷം കലർത്തിയതായി പരാതി. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ആലമറ്റത്തെ കുന്നിൻമുകളിലുള്ള ജോസ് മാരിയടിയിലിന്റെ പുരയിടത്തിലെ കിണറ്റിലാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആരോ വിഷം കലർത്തിയത്. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന കുട്ടികൾ കുളിക്കാൻ വെള്ളം ശേഖരിക്കവെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. വെള്ളത്തിൽ പതയും കണ്ടെത്തി. വെള്ളത്തിന് പാൽനിറവുമായിരുന്നു. ഇതോടെ കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. ആരും വെള്ളം തുടർന്നെടുക്കാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. കിണറ്റിലെ പ്രാണികളും മറ്റും ചത്തൊടുങ്ങിയ നിലയിലാണ്. മാരിയടിയിൽ വീട്ടിൽ ആരും താമസമില്ല. ഇവിടെയുള്ള കിണറ്റിൽ പൈപ്പിട്ടാണ് താഴെയുള്ള അഞ്ച് വീട്ടുകാർ കുടിക്കാനും കുളിക്കാനും വെള്ളം ശേഖരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചവരെ മാരിയടിയിൽ പുരയിടത്തിൽ പണിക്കാരുണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് കനത്തമഴയും പെയ്തു. ഇതിനുശേഷമാണ് സ്‌കൂൾവിട്ടെത്തിയ കുട്ടികൾ കുളിക്കാൻ വെള്ളം ശേഖരിച്ചത്. ഇതേ തുടർന്നാണ് സംഭവം പുറത്തായത്.
ആരോഗ്യവകുപ്പ് പരിശോധന നടത്തി
കിണറ്റിൽ കൊടിയ വിഷമാണ് കലർത്തിയതെന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികാരികൾ അറിയിച്ചതായി ഭരണങ്ങാനം പഞ്ചായത്ത് ആലമറ്റം വാർഡ് മെമ്പർ എൻ.എം. ബിനു പറഞ്ഞു. അഞ്ച് കുടുംബങ്ങളിലായി നാല്പതോളം ആളുകൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിൽ വിഷം കലർത്തിയതാരെന്ന് ഉടൻ കണ്ടുപിടിക്കണമെന്നും പഞ്ചായത്ത് മെമ്പർ ആവശ്യപ്പെട്ടു.
സംഭവത്തിലെ കുറ്റക്കാരെ ഉടൻ കണ്ടെത്തണം.ഇതുസംബന്ധിച്ച് പാലാ പൊലീസിലും ഭരണങ്ങാനം പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.
ബിജു എൻ.എം
പഞ്ചായത്തംഗം