binoy-viswam

കോട്ടയം: പി.കെ.വിക്കും, കാനം രാജേന്ദ്രനും ശേഷം സി.പി.ഐയുടെ അമരത്തേക്ക് വീണ്ടുമൊരു കോട്ടയംകാരനെത്തുകയാണ്, ബിനോയ് വിശ്വം. എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വാഗ്മി എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച ബിനോയ് വിശ്വം മികച്ച പാർലമെന്റേറിയനും സംഘാടകനുമാണ്.

1955 നവംബർ 25ന് വൈക്കത്ത് പാർട്ടി കുടുംബത്തിലാണ് ജനനം. വൈക്കം മുൻ എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കെ.വിശ്വനാഥന്റെയും സി.കെ.ഓമനയുടെയും മകനാണ്.

പിതാവിന്റെ രാഷ്ട്രീയാശയം പിൻപറ്റിയാണ് രാഷ്ട്രീയത്തിലേക്ക് കാൽവച്ചത്. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ എ.ഐ.എസ്.എഫ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഡിഗ്രിക്ക് ശേഷം എൽഎൽ.ബിയും പൂർത്തിയാക്കി.

എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫിന്റെ വിവിധ ചുമതലകളും വഹിച്ചു. ജനയുഗത്തിലൂടെ പത്രപ്രവർത്തകനുമായി. 2001, 2006 വർഷങ്ങളിൽ കോഴിക്കോട് നാദാപുരത്ത് നിന്ന് നിയമസഭയിലെത്തി. 2006ലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു. 2018 മുതൽ രാജ്യസഭാംഗമാണ്.

സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കൂത്താട്ടുകുളം മേരിയുടെ മകൾ ഷൈല പി. ജോർജാണ് ഭാര്യ. മക്കൾ: രശ്മി ബിനോയ് (മാദ്ധ്യമപ്രവർത്തക), ഹൈക്കോടതി അഭിഭാഷക സൂര്യ ബിനോയ്.

'കഴിവിനൊത്ത് പ്രവർത്തിക്കും'

മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ലെങ്കിലും കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.പാർട്ടി പുതിയൊരു ഉത്തരവാദിത്വം ഏൽപ്പിച്ചു. അത് ഭംഗിയാക്കാൻ ശ്രമിക്കും.ഇടതുപക്ഷത്തിന്റെ ആശയങ്ങളെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും ഉത്തമ ബോദ്ധ്യമുണ്ട്. എൽ.ഡി.എഫ് ഇന്ത്യൻ രാഷ്ട്രീയത്തിന് വഴികാട്ടുന്ന കൂട്ടായ്മയാണ്. പലപ്പോഴും അകത്തും പുറത്തും എൽ.ഡി.എഫിനെ വിമർശിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും മുന്നണിയെ ദുർബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനായിരുന്നു. എൽ.ഡി.എഫിന്റേതല്ലാത്ത ഒരു താത്പര്യവും സി.പി.ഐക്കില്ല.