
കോട്ടയം : പാർട്ടി വളർത്താൻ ഒപ്പം വെയിൽക്കൊണ്ട് നടന്നവരൊക്കെ ഇന്നലെ കാനത്തിനെ കാണാനെത്തിയിരുന്നു. അവരുടെയെല്ലാം മനസിൽ നൂറ് നൂറോർമ്മകൾ. ഊർജസ്വലതയുള്ള സഹോദരനായി ഒപ്പമുണ്ടായിരുന്ന പ്രിയസഖാവിനെ അന്ത്യയാത്രയ്ക്കൊരുക്കുമ്പോൾ എല്ലാവരും നെഞ്ചുപൊട്ടും വേദനയിൽ ഉച്ചത്തിൽ വിളിച്ചു. ഇല്ലാ ഇല്ലാ ഞങ്ങളുടെ സഖാവ് മരിക്കുന്നില്ല. ..നാട്ടുവഴികളിലൂടെ കാനം രാജേന്ദ്രനെ വീട്ടിലെത്തിക്കുമ്പോൾ പുലർച്ചെ മൂന്ന് മണി. നേരം പുലരുംതോറും കാനമെന്ന കൊച്ചു ഗ്രാമത്തിന് ആൾത്തിരക്കിന്റെ കനംകൂടി. ഓരോ ആളിനും പറയാൻ ഓരോ കഥകൾ. മൂന്ന് പതിറ്റാണ്ട് മുന്നത്തെ തിരഞ്ഞെടുപ്പ് കാലത്ത് ഒരുമിച്ച് നടന്നതും വീടു കയകയറിയതും കാനത്തിന്റെ വീടിരിക്കുന്ന എം.എൽ.എ പടിയിലെ ആൾത്തിരക്കുമെല്ലാം ഓരോരുത്തരും ഓർത്തെടുത്തു. ഒടുവിൽ കാനമെന്ന കമ്യൂണിസ്റ്റ് ചിതയിലെരിയുമ്പോഴേയ്ക്കും തൊണ്ടപൊട്ടും വിധമുള്ള മുദ്രാവാക്യത്താൽ പരിസരം നിറഞ്ഞു. എം.പിമാരായ ആന്റോ ആന്റണി, എ.എം.ആരിഫ്, പി.സന്തോഷ് കുമാർ, എം.എൽ.എമാരായ വാഴൂർ സോമൻ, അനൂപ് ജേക്കബ്, കടന്നപ്പള്ളി രാമചന്ദ്രൻ, പി.പി. ചിത്തരഞ്ചൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, സി.കെ.ആശ, മാണി.സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.ജെ.ജോസഫ്, തോമസ്.കെ. തോമസ്, മുഹമ്മദ് മുഹ്‌സിൻ, നേതാക്കളായ ആനി രാജ, വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, എ.വിജയരാഘവൻ, വി.എസ്.സുനിൽകുമാർ, എം.എ.ബേബി, പി.സി.ചാക്കോ, കാസിം ഇരിക്കൂർ, പി.സി.തോമസ്, സി.കെ.ശശിധരൻ, പി.പി.സുനീർ, പ്രകാശ് ബാബു, ഇ.എസ്.ബിജിമോൾ, ടി. ജെ. ആഞ്ചലോസ്, ഷാനിമോൾ ഉസ്മാൻ, ജോയ്‌സ് ജോർജ്, പി.സി.ജോർജ്, കെ.പി.രാജേന്ദ്രൻ, എളമരം കരീം, സംവിധായകൻ വിനയൻ, ബിനീഷ് കോടിയേരി, എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ടവിമലാദിത്യ, ജില്ല കളക്ടർ വി വിഗ്നേശ്വരി,ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.