കോട്ടയം: കാനം രാജേന്ദ്രൻ അന്തരിച്ചതിനെത്തുടർന്ന് ഒഴിവുവന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തിന്. ദേശീയ സെക്രട്ടറി ഡി.രാജയുടെ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 28ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം ഇത് അംഗീകരിക്കുന്നതോടെ നടപടിക്രമം പൂർത്തിയാകും.
ഏകകണ്‌ഠേനയാണ് തീരുമാനമെന്നും സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ഡി.രാജ പറഞ്ഞു. അസുഖബാധിതനായിരിക്കെ അവധിക്ക് അപേക്ഷിച്ചപ്പോൾ ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല കൈമാറാൻ കാനം നിർദ്ദേശിച്ചിരുന്നു. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹക സമിതിയോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയാണ് കാനത്തിന്റെ അപ്രതീക്ഷിത വിയോഗം. സെക്രട്ടറി സ്ഥാനത്തേയ്ക്ക് പേര് ഉയർന്നിരുന്ന കെ.പ്രകാശ് ബാബുവും എക്‌സിക്യുട്ടീവ് യോഗത്തിൽ പങ്കെടുത്തു.