കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
പൊൻകുന്നം: കേരളം വാഴൂരിലെ കാനം എന്ന കൊച്ചുഗ്രാമത്തിലേക്ക് ചുരുങ്ങിയ ദിനമായിരുന്നു ഇന്നലെ. എല്ലാ വഴികളും കാനത്തേക്ക്,എല്ലാ നാവിലും കാനം എന്ന രണ്ടക്ഷരം. തങ്ങളുടെ പ്രിയനേതാവ് കാനം രാജേന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാൻ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മുഖ്യമന്ത്രിയും മന്ത്രിമാരും എം.പി.മാർ, എം.എൽ.എമാർ, മറ്റ്ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ ,സാംസ്‌കാരിക, സാമൂഹ്യ, സാമുദായിക നേതാക്കൾ, പ്രവർത്തകർ, ഇടമുറിയാതെ ഒഴുകിയെത്തിയ സാധാരണക്കാർ. തിക്കിലും തിരക്കിലും മണിക്കൂറുകൾ കാത്തുനിന്നിട്ടും പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാൻ കഴിയാതെ കണ്ണീരോടെ മടങ്ങിയത് ആയിരങ്ങൾ.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ശനിയാഴ്ച രാത്രി 11ന് കാനത്ത് എത്തുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വഴിനീളെ കാത്തുനിന്നവരുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങി കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിലെത്തിയത് ഇന്നലെ പുലർച്ചെ. സംസ്‌കാരചടങ്ങുകൾ വൈകകരുതെന്ന് വീട്ടുകാരും ബന്ധുക്കളും പാർട്ടിപ്രവർത്തകരും തീരുമാനിച്ചിരുന്നു. എന്നിട്ടും ചിതയ്ക്ക് തീ കൊളുത്താൻ നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞ് പിന്നെയും ഏറെ വൈകി.ചിതയിൽ നിന്ന പുക ഉയരാൻ തുടങ്ങിയതേ അന്തരീഷത്തിൽ മുഴങ്ങിയ വികാരഭരിതമായ മുദ്രാവാക്യം കണ്ണീരിനെ തോല്പിക്കുന്നതായിരുന്നു. ഇല്ലാ ഇല്ല മരിക്കുന്നില്ല സഖാവ്കാനം മരിക്കുന്നില്ല,ജീവിക്കുന്നു ഞങ്ങളിലൂടെ.കൂടിനിന്ന ആയിരങ്ങൾ അതേറ്റുചൊല്ലി. വാഴൂരിന്റെ ചരിത്രമായി മാറിയ ജനസഞ്ചയത്തെ കണ്ട് നാട്ടുകാർ പറയുന്നു-രാജേന്ദ്രൻ ഞങ്ങളുടെ നേതാവായിരുന്നു. ഞങ്ങൾക്ക് എല്ലമെല്ലാമായിരുന്നു.പക്ഷേ ഇപ്പോഴാണ് മനസിലായത് ഞങ്ങളുടെ രാജേട്ടൻ ഞങ്ങളുടേത് മാത്രമായിരുന്നില്ല എന്ന്.