
കോട്ടയം : കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുണ്ടാകുന്ന പ്രാദേശിക മഴയും മിന്നൽ പ്രളയവും ജലപരിസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റം തുമ്പികളുടെ വൈവിദ്ധ്യത്തേയും ബാധിച്ചെന്ന് മീനച്ചിൽ തുമ്പി സർവേ റിപ്പോർട്ട്. 27 കല്ലൻതുമ്പികളും 21 സൂചിത്തുമ്പികളും ഉൾപ്പെടെ 48 ഇനം തുമ്പികളെ സർവേയിൽ കണ്ടെത്താനായി. മലിനീകരണത്തിന്റെ സൂചകമായി കരുതുന്ന ചങ്ങാതി തുമ്പികൾ മുൻവർഷം നഗരമാലിന്യം ഒഴുകിയെത്തുന്ന ഈരാറ്റുപേട്ടാ, പാലാ, കോട്ടയം എന്നിവിടങ്ങളിൽ ധാരാളം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ, പാലായിലേക്കാൾ മഴ കുറവായിട്ടുണ്ടായ കോട്ടയം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മാത്രമാണുള്ളത്. മീനച്ചിലാറിന്റെ തുടക്കഭാഗത്ത്, ശുദ്ധജല സൂചകമായ നീർമാണിക്യനും മധ്യഭാഗത്തും പതനഭാഗത്തും സ്വാമി തുമ്പിയും കൂടുതലായി കാണപ്പെട്ടു. മലരിക്കലും തണലോരത്തുമാണ് ഏറ്റവുമധികം ഇനം തുമ്പികളെ കാണാനായത്.
കേരള വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസും സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ.നെൽസൺ പി. ഏബ്രഹാം, എം.എൻ. അജയകുമാർ , എൻ.ശരത് ബാബു , അനൂപാ മാത്യൂസ്, ഷിബി മോസസ്, അമൃതാ വി.രഘു, രഞ്ജിത്ത് ജേക്കബ്, ക്രിസ്റ്റഫർ ജോൺ ഐസക്, മഞ്ജു മേരി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
കൊതുക് നിർമ്മാർജ്ജനത്തിന് ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതുതലമുറയെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്.
(ഡോ.കെ.ഏബ്രഹാം സാമുവൽ സർവേ കോ-ഓർഡിനേറ്റർ)