കോട്ടയം: 91ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ തേൻമാവിൻ ചുവട്ടിൽ നിന്നും പള്ളം സമിതിയുടെ നേതൃത്വത്തിലുള്ള 41ാമത് നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്ര കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ സഹകരണത്തോടെ നടക്കും. 25ന് ആരംഭിക്കുന്ന പദയാത്ര ജനുവരി ഒന്നിന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. 25ന് നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവഗിരി തീർത്ഥാടന പവലിയനിൽ പദയാത്ര സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അവാർഡ് ദാനവും ആദരിക്കലും നിർവഹിക്കും. ജി.വിശ്വംഭരൻ, ബൈജു വട്ടച്ചിറ, കെ.കെ വിജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അനുഗ്രഹപ്രഭാഷണം നടത്തും. അനിൽ എസ്.ഉഴത്തിൽ, ഡോ.എ.വി ആനന്ദരാജ്, അഡ്വ.മോഹനൻ മണ്ണടി, അഡ്വ.അരുൺ കുമാർ, ബി.ബി ഗോപകുമാർ, സാബു ഡി.ഇല്ലിക്കളം, ഇന്ദിര രാജപ്പൻ, ലിനീഷ് ടി.ആക്കളം, സാജൻ ജി.മറിയപ്പള്ളി എന്നിവർ പങ്കെടുക്കും. പദയാത്രാ ക്യാപ്റ്റൻ കെ.കെ വിജയകുമാർ സ്വാഗതവും പദയാത്രാ സമിതി ചെയർമാൻ കെ.ടി സതീശൻ നന്ദിയും പറയും.