
കോട്ടയം : കോട്ടയം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് വർഷങ്ങളായി ചുവുപ്പുനാടയിൽ കുരുങ്ങി കിടക്കുന്നത്. വികസനത്തിന് തുരങ്കംവയ്ക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയടക്കം സർക്കാരിനെ കുറ്റപ്പെടുത്തുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്തി ജനോപകാരപ്രദമായ കാര്യങ്ങൾ തടയരുതെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം. നാട്ടകത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായ 70 ലക്ഷം രൂപയുടെ തച്ചുകുന്ന് പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ 20 കോടി രൂപയുടെ വെള്ളൂത്തുരുത്തി പാലം നിർമ്മാണവും പാതിവഴിയിലാണ്. 4.65 കോടിയുടെ നട്ടാശ്ശേരി സൂര്യകാലടി മന റഗുലേറ്റർ, കം ബ്രിഡ്ജ് നിർമ്മാണവും അനിശ്ചിത്വത്തിൽ. താലൂക്ക് ഓഫീസ് കെട്ടിട ഒന്നാം നിലയുടെ നിർമ്മാണത്തിന് ശേഷം നിലച്ചു. കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ മേൽപ്പാലം എങ്ങുമെത്തിയില്ല.
സ്പോർട്സ് കോളേജ് സ്ഥലം കാടുമൂടി
സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിനായി ചിങ്ങവനത്ത് ഏറ്റെടുത്ത 11.5 സെന്റ് സ്ഥലം സ്ഥലം കാടുമൂടി. അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളെ സൃഷ്ടിക്കുക, കായിക ശാസ്ത്രരംഗത്തെ നൂതനമായ അറിവുകൾ കായിക താരങ്ങൾക്കും പരിശീലകർക്കും ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി അഞ്ച് കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു.
വെള്ളക്കെട്ടിൽ മുങ്ങി നെഹ്റു സ്റ്റേഡിയം
നാഗമ്പടം നെഹ്റു സ്റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി. ഗാലറികൾ ഇളകിവീഴാറായി. ചുറ്റിലും കാട്. കെട്ടിടത്തിലെ കോൺക്രീറ്റ് കമ്പികൾ പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മാതൃകയിൽ നവീകരണത്തിന് ലക്ഷ്യമിട്ടെങ്കിലും രൂപരേഖ തയ്യാറാക്കിയതിനപ്പുറം ഒന്നും നടന്നില്ല. 174 കോടി രൂപയായിരുന്നു വകയിരിത്തിയിരുന്നത്.
വിധി കാത്ത് ആകാശപാത
പടവലം തോട്ടം എന്ന വിളിപ്പേരല്ലാതെ ആകാശപാത എങ്ങുമെത്തിയില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമായ ശീമാട്ടി റൗണ്ടാനയിൽ ഇതിനായി ഗർഡറുകളടക്കം സ്ഥാപിച്ചിരുന്നു. അഞ്ച് കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നത്. ഒടുവിൽ വിഷയം ഹൈക്കോടതി വരെ കയറി. ഒന്നുകിൽ പൊളിച്ചുമാറ്റൂ, പണി പൂർത്തിയാക്കൂ എന്ന നിർദ്ദേശവുമെത്തി. ഇതിന്റെ ഭാഗമായി സുരക്ഷാ പരിശോധനയും നടത്തി.