eru

എരുമേലി : ശബരിമല തീർത്ഥാടക വാഹനപ്രവാഹത്തിൽ മണിക്കൂറുകളോളം എരുമേലി ഗതാഗതക്കുരുക്കിൽ നിശ്ചലമായി. രണ്ടു ദിവസമായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പേട്ടതുള്ളൽ പാതയിലെ തിരക്ക് ടൗണിന് കിലോമീറ്ററുകളോളം ദൂരത്തേയ്ക്ക് വ്യാപിക്കുകയാണ്.

തീർത്ഥാടകർക്കിടയിലൂടെ വാഹനങ്ങൾ പോകാനുള്ള ബുദ്ധിമുട്ടാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഗതാഗതം സ്തംഭിച്ചതോടെ തീർത്ഥാടകർ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ചയാണ്. വിദ്യാർത്ഥികളും യാത്രക്കാരുമാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പേട്ടതുള്ളൽ പാതയിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തീർത്ഥാടകർ പലയിടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നുണ്ട്. ഇവിടെ പൊലീസ് നിയന്ത്രണം ഉണ്ടെങ്കിലും നിരനിരയായി വാഹനങ്ങൾ എത്തുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുകയാണ്.

തിങ്ങി നിറഞ്ഞ് ബസുകൾ

എരുമേലി - പമ്പ കെ എസ് ആർ ടി സി ബസുകളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. 6 മണിക്കൂർ വരെയെടുത്താണ് പമ്പയിൽ ബസ് എത്തിയത്. രാവിലെ 4.45 ന് പോയ ആദ്യ പമ്പ ബസ് തിരിച്ചുവന്നത് വൈകിട്ട് 3 .30 ന്. വൈകിട്ട് 5 വരെ 18 ബസുകൾ പമ്പയ്ക്ക് പോയപ്പോൾ തിരിച്ച് എത്താൻ കഴിഞ്ഞത് 2 ബസുകൾക്ക് മാത്രമാണ്. തീർത്ഥാടകരെ കുത്തിനിറച്ചാണ് ബസുകൾ സർവീസ് നടത്തിയത്. തിരക്ക് കൂടിയതോടെ മറ്റ് ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ വരുത്തി.

കുരുക്കിൽപ്പെട്ട് വിദ്യാർത്ഥികളും

ശബരിമല പാതയിൽ എരുത്വാപ്പുഴ വരെ ഗതാഗതക്കുരുക്ക് നീണ്ടു. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കിൽ അകപ്പെട്ട സ്വകാര്യ ബസുകൾക്ക് സമയത്ത് എരുമേലിയിൽ എത്തിച്ചേരാനായില്ല. മണിപ്പുഴയ്ക്ക് സമീപമുള്ള സ്‌കൂളിലെ വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം നടന്ന് തളരുന്ന കാഴ്ചയാണ് കുറച്ച് ദിവസങ്ങളായി കാണുന്നത്.

വരുംദിവസങ്ങളിൽ തിരക്ക് കൂടാനാണുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടണം. വിദ്യാർത്ഥികൾക്ക് ക്ലാസ് കഴിഞ്ഞ് കൃത്യസമയത്ത് വീട്ടിലെത്തി ചേരാനാകുന്നില്ല.

-രാജേഷ്, രക്ഷിതാവ്