കോട്ടയം: ശിവഗിരി തീർത്ഥാടന കാലത്തെ ഗുരുപൂജയ്ക്കുള്ള ഉല്പന്ന സമാഹരണത്തിന്റെ 12-ാം വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഗുരു ധർമ്മപ്രചരണസഭ ജില്ലാ കോ-ഓർഡിനേറ്റർ ഷിബു മൂലേടം അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി ഗുരുധർമ്മപ്രചരണസഭ കോട്ടയം ജില്ലാ കമ്മറ്റി ഗുരുപൂജാ ഉല്പന്നങ്ങൾ സമാഹരിച്ച് 2012 ഡിസംബർ 25 ന് ക്രിസ്മസ് ദിനത്തിൽ ശിവഗിരിയിലെത്തി സമർപ്പിച്ചു. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നാണ് ഉല്പന്നങ്ങൾ അടങ്ങുന്ന വാഹന ഘോഷയാത്ര ആരംഭിച്ചത്. കോട്ടയം ജില്ലയുടെ മാതൃക പിൻതുടർന്ന് മറ്റു ജില്ലകളിൽ നിന്നും ഗുരുപൂജാ ഉല്പന്നങ്ങൾ ശിവഗിരിയിൽ എത്തുന്നുണ്ട്. ഇത്തവണ ഗുരുഭക്തർ സമർപ്പിക്കുന്ന ഉല്പന്നങ്ങൾ സമാഹരിച്ച് 25ന് ശിവഗിരിയിലെത്തിക്കുമെന്നും ജാതി-മത ഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കോ-ഓർഡിനേറ്റർ ഷിബു മൂലേടം അഭ്യർത്ഥിച്ചു