പൊൻകുന്നം:മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസ് പരിപാടിയുമായി ഇന്ന് വൈകുന്നേരം 4ന് പൊൻകുന്നത്ത് എത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊൻകുന്നം ഗവ.സ്‌കൂളിന്റെ മൈതാനത്താണ് വേദിയൊരുക്കുന്നത്. നവകേരളസദസിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 3 മുതൽ 25 കൗണ്ടറുകളിലായി പരാതികളും നിവേദനങ്ങളും സ്വീകരിക്കും. ഇതിൽ അഞ്ചു കൗണ്ടറുകൾ സ്ത്രീകൾക്കും മുതിർന്നവർക്ക് രണ്ടും ഭിന്നശേഷിക്കാർക്കായി ഒന്നും പ്രവർത്തിക്കും. പരാതികൾ കോട്ടയം കളക്ട്രേറ്റിൽ നിന്നും അതാത് വകുപ്പുകളിലെത്തിക്കും. 15000 പേർക്ക് ഇരിക്കാൻ സൗകര്യങ്ങളുള്ള പന്തൽ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് സ്റ്റേജിൽ വിവിധ കലാപരിപാടികൾ നടക്കും. ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ അദ്ധ്യക്ഷനാകും. സാംസ്‌ക്കാരിക റാലികൾ, സദസുകൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, സെമിനാർ എന്നിവ നടത്തി. വാർത്താസമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഡപ്യൂട്ടി കളക്ടർ ഗീതാകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാകേഷ്, ടി.എസ്.ഒ. ജയൻ, നിയാസ് എന്നിവരും സംഘാടകസമിതി അംഗങ്ങളായ മുകേഷ് കെ.മണി, അജിതാ രതീഷ്, ഗിരീഷ് കുമാർ ടി.എൻ, വി .ജി. ലാൽ, ഷമീം അഹമ്മദ്, ഗിരീഷ് എസ്.നായർ, എം.എ. ഷാജി, ബി.ഡി.ഒ സുജിത് എന്നിവരും പങ്കെടുത്തു.