
കോട്ടയം : സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുമാണ് നവകേരള സദസിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്ന് മന്ത്രി ജി.ആർ അനിൽ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ നടന്ന നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനമാണ് സർക്കാർ കാഴ്ചവച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ഒരു സംസ്ഥാനം കേരളമാണ്. അർഹതയുള്ള മൂന്ന് ലക്ഷത്തോളം പേർക്ക് മുൻഗണന കാർഡ് നൽകാൻ സാധിച്ചു. 2024 നവംബർ ഒന്നാകുമ്പോഴേക്കും അതിദാരിദ്രരില്ലാത്ത കേരളമായി മാറ്റും.
കേരളത്തിന്റെ അവകാശത്തെ തടയുന്നു: മന്ത്രി അഹമ്മദ് ദേവർകോവിൽ
വികസനകുതിപ്പുകളുടെ ജീവിക്കുന്ന കണക്കുകളും വികസന മുന്നേറ്റത്തിന്റെ യഥാർത്ഥ ചിത്രവുമാണ് നവകേരള സദസിൽ അവതരിപ്പിച്ച് മുന്നേറുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജനങ്ങളെ നേരിൽകണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങളെ തമസ്‌കരിച്ച് കേരളത്തിന്റെ അവകാശത്തെ തടയുകയാണ്. ഈ പ്രതിസന്ധികളുടെയിടയിലും വികസന കുതിപ്പിലാണ് സർക്കാർ മുന്നേറുന്നത്. തീരദേശ ഹൈവേ, മലയോര ഹൈവേ, നാഷണൽ ഹൈവേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് 17 ചെറു തുറമുഖങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ച് ചരക്കുനീക്കം ആരംഭിക്കും. വിദ്യാഭ്യാസ രംഗത്തെ കിഫ്ബിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞു.