കോട്ടയം: ജനങ്ങൾക്കരികിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ എത്തുന്ന ഇന്ത്യയിലെ ആദ്യ പരിപാടിയായ നവകേരളസദസിന് ജില്ലയിൽ ആവേശകരമായ തുടക്കം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ,പാല മണ്ഡലങ്ങളിൽ ആദ്യ ദിവസം നടന്ന സദസിൽ പതിനായിരങ്ങൾ പങ്കെടുത്തു. ആവേശകരമായ അന്തരീക്ഷത്തിലാണ് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വേദികളിലേക്ക് സ്വീകരിച്ചത്. ഇടതുസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞതിനൊപ്പം വികസന പദ്ധതികൾക്ക് ഇടങ്കോലിടുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. കേരളത്തിൽ അഞ്ചാമത്തെ വിമാനത്താവളമായി ശബരിമല വിമാനത്താവളം വൈകാതെ യാഥാർത്യമാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കൈയടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. നവകേരളസദസിൽ തങ്ങൾക്ക് ഉപഹാരങ്ങൾ നൽകാൻ വന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടികളെ ചിരിച്ചും ചേർത്തുപിടിച്ചും സല്യൂട്ട് ചെയ്തുമാണ് മന്ത്രിമാർ സ്വീകരിച്ചത്. സദസിന്റെ ഭാഗമായൊരുക്കിയ കൗണ്ടറുകളിൽ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നൂറുകണക്കിന് നിവേദനങ്ങളാണ് ആദ്യദിവസം ലഭിച്ചത് . മുണ്ടക്കയത്ത് ഭിന്നശേഷിക്കാരൻ വീൽച്ചെയറിൽ എത്തിയാണ് നിവേദനം നൽകിയത്.

ഇടുക്കിയിലെ പര്യടനം പൂർത്തിയാക്കി പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരളസദസിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും ആദ്യമെത്തിയത്. വിവിധ കലാപരിപാടികൾ സദസിന് മുമ്പ് അരങ്ങേറി. ആദ്യദിനത്തിലെ അവസാനസദസ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു
ഇന്ന് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ ആദ്യ പ്രഭാതയോഗത്തിൽ 200 വിശിഷ്ടാതിഥികൾ പങ്കെടുക്കും. രാവിലെ 10ന് ഏറ്റുമാനൂർ, 2ന് പുതുപ്പള്ളി, 4ന് ചങ്ങനാശേരി, ആറിന് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇന്ന് സദസ് നടക്കുക

14ന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിൽ പ്രഭാതയോഗം നടക്കും. ദേവമാതാ കോളജ് മൈതാനത്ത് 11നും വൈക്കം ബീച്ചിൽ 3നും സദസ് നടക്കും.തുടർന്ന് മന്ത്രിമാരുടെ സംഘം ആലപ്പുഴ ജില്ലയിലേക്ക് തിരിക്കും.

പൊലീസ് കസ്റ്റ‌ിയിലെടുത്തു

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.റിമിൽ രാജൻ, അച്ചു ഷാജി, എന്നിവരെ മുണ്ടക്കയം സ്റ്റാൻഡിലെ ബേക്കറിയിൽ നിൽക്കുന്നതിനിടയിൽ സി.ഐ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റ‌ിയിലെടുത്ത് കരുതൽതടങ്കലിലാക്കി.