
മുണ്ടക്കയം : നവകേരള സദസ് അക്ഷരാർത്ഥത്തിൽ ജനകേരള സദസാകുന്ന കാഴ്ചയാണ് മലയോര മേഖലയിൽ കാണാൻ കഴിഞ്ഞത്.
മുണ്ടക്കയം, പൊൻകുന്നം, പാലാ എന്നിവിടങ്ങളിലായിരുന്നു ജില്ലയിലെ ഇന്നത്തെ പരിപാടികൾ. വാദ്യമേളങ്ങളും വിവിധകലാരൂപങ്ങളും ചടങ്ങിന് കൊഴുപ്പേകി. നവകേരള പേടകത്തിലെത്തിയ മുഖ്യമന്ത്രിയും, മന്ത്രിമാരും വേദിയിലേക്ക് എത്തിയതോടെ മുദ്രാവാക്യവിളികൾ ഉയർന്നു.
മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളി മൈതാനമായിരുന്നു ആദ്യ വേദി. പ്രധാനകവാടം മുതൽ ജനങ്ങളാൽ നിറഞ്ഞു. പരാതികൾ സ്വീകരിക്കുന്ന കൗണ്ടറിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പ്രായാധിക്യം മറികടന്നെത്തിയവരെയും കണാമായിരുന്നു. പൂഞ്ഞാർ മണ്ഡലത്തിന്റെ നാളിതുവരെയുള്ള വികസന പ്രവർത്തനങ്ങൾ ചടങ്ങിന് മുന്നോടിയായി അവതരിപ്പിച്ചു. വാഗമൺ മുതൽ ഏയ്ഞ്ചൽവാലി വരെ നീളുന്ന വികസന പ്രവർത്തനങ്ങൾ നാഴികക്കല്ലായി. 1250 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ, കാൽനൂറ്റാണ്ടായി തകർന്നുകിടന്ന ഈരാറ്റുപേട്ട - വാഗമൺ റോഡ് വികസനം എന്നിവ ഇതിൽ എടുത്ത് പറയേണ്ടവയാണ്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ്, അഡ്വ.ജി.ആർ അനിൽ, ജോസ് കെ.മാണി എം.പി തുടങ്ങിയവർ പങ്കെടുത്തു. സെബാസ്റ്റൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.