pi

കോട്ടയം: ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ നടന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിമാനത്താവളത്തിന് ഏറെക്കുറെ അനുമതികൾ ലഭിച്ചു. ഇനി ലഭിക്കാനുള്ള അനുമതികൾക്ക് മറ്റു തടസങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. കിഫ്ബി വഴി 50000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനങ്ങളാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 2021 ആയപ്പോൾ അത് 63000 കോടി രൂപയിലും ഇപ്പോൾ അത് 83000 കോടി രൂപയിലും എത്തി. എന്നാൽ അർഹതപ്പെട്ടത് നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഒരു ന്യായീകരണവുമില്ലാതെ കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.