
കോട്ടയം : സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേ യാഥാർത്ഥ്യത്തിലേക്കെത്തുന്നതോടെ കാർഷിക വിനോദ സഞ്ചാരമേഖലയിൽ പുരോഗതിയുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂഞ്ഞാർ മണ്ഡലത്തിൽ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ നടന്ന നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലൂടെ കടന്ന് പോകുന്ന 1800 ഓളം കിലോമീറ്റർ നീളുന്നതാണ് മലയോര ഹൈവേ. കോട്ടയം ജില്ലയിൽ ഏഴര കിലോമീറ്റർ ദൂരത്തിൽ പ്ലാച്ചേരി മുതൽ കരിങ്കൽമൊഴി വരെയാണ് മലയോര ഹൈവേ. 34.51 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. തുടർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.