
ഇളങ്ങുളം: തീർത്ഥാടക വാഹനങ്ങളുടെ തിരക്കേറിയപ്പോൾ പി.പി റോഡരികിലെ ഇളങ്ങുളം ശാസ്താക്ഷേത്ര മൈതാനത്ത് വാഹനങ്ങൾ പിടിച്ചിട്ടു. ഇന്നലെ പുലർച്ചെ മുതൽ പലസമയങ്ങളിലായി തീർത്ഥാടകരുടെ വാഹനങ്ങൾ പൊൻകുന്നം പൊലീസ് തടഞ്ഞിട്ടതോടെ സ്വാമിമാർ പ്രതിഷേധിച്ച് ശരണംവിളിയുമായി സംഘംചേർന്നു. നിലയ്ക്കൽ,എരുമേലി എന്നിവിടങ്ങളിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് പിന്നീട് ഘട്ടംഘട്ടമായി വാഹനങ്ങൾ വിട്ടയച്ചത്. മുൻവർഷങ്ങളിലും ശബരിമലയിലും പമ്പയിലും തിരക്കേറുമ്പോൾ ഇളങ്ങുളത്ത് വാഹനങ്ങൾ പിടിച്ചിടുന്ന പതിവുള്ളതാണ്. പുലർച്ചെ തിരക്കേറിയപ്പോൾ എലിക്കുളം അഞ്ചാംമൈൽ വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ നിരയായി കിടക്കുകയായിരുന്നു.