കോട്ടയം: എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും എല്ലാ മേഖലകളെയും സ്പർശിക്കുന്നതുമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നവകേരളസദസ് പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നടക്കില്ല എന്ന് കരുതിയ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാനായി. അതിലൊന്നാണ് ദേശീയപാത. ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയ്ൽ പൈപ്പ് ലൈൻ പൂർത്തിയായി. ഇങ്ങനെ നടക്കില്ല എന്നു കരുതിയവ നടക്കുമെന്ന് വന്നതോടെ ജനങ്ങളിൽ നല്ല പ്രത്യാശ ഉടലെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ മലയോര ഹൈവേകളുടെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അദ്ധ്യക്ഷനായിരുന്നു. സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവർ സംസാരിച്ചു.
ലഭിച്ചത് 4392 നിവേദനങ്ങൾ
കാഞ്ഞിരപ്പള്ളി മണ്ഡലതല നവകേരള സദസിൽ 4392 നിവേദനങ്ങൾ ലഭിച്ചു. 25കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്.