പാലാ: നവകേരള സദസെന്നു പറഞ്ഞാൽ ഇവിടത്തെ ചിലർക്ക് ഒരുപിടിയും കിട്ടിയിട്ടില്ല. ഇതെന്തോ പരാതികൾ സ്വീകരിക്കാൻ എല്ലാവരും കൂടി വന്ന സംഭവമാണെന്നാണ് ആദ്യം പരിപാടി അവതരിപ്പിച്ചയാൾ പറഞ്ഞത്. കാര്യങ്ങൾ മനസിലാക്കാതെയുള്ള സംസാരമാണിത്. പാലയിൽ നവകേരള സദസിൽ സ്വാഗതം പറഞ്ഞ തോമസ് ചാഴികാടനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികളൊക്കെ സ്വാഭാവികമായിട്ടും വരുന്ന കാര്യങ്ങളാണ് അത് മന്ത്രിമാർ ചെല്ലുന്നിടത്തൊക്കെ കിട്ടുന്നുമുണ്ട്. പരാതികൾ സ്വീകരിക്കുക എന്നുള്ളത് നവകേരള സദസിന്റെ ഒരു ഭാഗം മാത്രമാണ്. ചാഴികാടന്റെ സ്വാഗതപ്രസംഗത്തെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സ്വാഗതപ്രസംഗം നടത്തുന്നതിനിടെ പാലാ മുനിസിപ്പൽ സ്റ്റേഡിയം നശിച്ചുപോയത് പുനർനിർമ്മിക്കണമെന്നും ചേർപ്പുങ്കൽ പാലം പണി പൂർത്തീകരിക്കണമെന്നുമാണ് ചാഴികാടൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. ഇതേത്തുടർന്നാണ് നവകേരള സദസ് ഇത്തരം കാര്യങ്ങൾ പരിഹരിക്കാനുള്ള വേദിയല്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. 35 മിനിറ്റോളം നീണ്ട പ്രസംഗത്തിനൊടുവിൽ ചാഴികാടൻ സൂചിപ്പിച്ച ആവശ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വീണ്ടും പറഞ്ഞു. ചാഴികാടൻ പറഞ്ഞ കാര്യങ്ങളും മറ്റും പരിഹരിക്കാൻ ഇനിയും സമയമുണ്ട്. അത്തരത്തിൽ അതിന് തീരുമാനമുണ്ടാക്കാനും കഴിയും പിണറായി പറഞ്ഞു.

അവർ കാത്തുനിന്നു, ആവേശത്തോടെ

പാലാ: മുഖ്യമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുമ്പ് അതിശക്തമായ മഴ ചെയ്തു. മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ വിശാലമായ പന്തലിനുള്ളിൽ അപ്പോഴും ആവേശത്തോടെ മുഖ്യമന്ത്രിയെ കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. വൈകിട്ട് 5ന് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന മുഖ്യമന്ത്രി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ഏഴേകാലായി. അതിനു മുമ്പേ മന്ത്രിമാരായ ആന്റണി രാജു, കെ.രാജൻ, സജി ചെറിയാനും വേദിയിലെത്തിയിരുന്നു. ആന്റണി രാജുവാണ് ആദ്യം സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചയുടൻ മഴയുമെത്തി. തുടർന്ന് കെ. രാജൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി മുനിസിപ്പൽ സ്‌റ്റേഡിയത്തിലെത്തിയത്. അദ്ധ്യക്ഷനായിരുന്ന ജോസ് കെ. മാണി വേദിയിൽ നിന്ന് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സ്വീകരിച്ചു.