prasd

കോട്ടയം : കർഷകരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് അക്കൗണ്ടിൽ പണം ലഭ്യമാക്കുന്ന പി.ആർ.എസ് സംവിധാനം കർഷകരെ സഹായിക്കുന്ന നിലപാടാണെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്ത് കർഷകരെ കൂടി ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഭൂരഹിത, ദരിദ്രരഹിത, ഭവനരഹിതരുള്ള കേരളമാണ് നവകേരളം എന്ന ആശയം വിഭാവനം ചെയ്യുന്നത്. ഏഴ് വർഷം കൊണ്ട് മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു.


സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങൾ : മന്ത്രി വാസവൻ

രണ്ടര വർഷക്കാലയളവിൽ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഏറ്റുമാനൂർ മണ്ഡലം സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് നടന്ന നവകേരള സദസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുനന്നു അദ്ദേഹം. നവകേരള സൃഷ്ടിയിൽ ഏറ്റുമാനൂർ മണ്ഡലം മറ്റു മണ്ഡലങ്ങളെ പോലെ തന്നെ ഏറ്റെടുത്തു കഴിഞ്ഞുവെന്നതിനുള്ള തെളിവാണ് ഇവിടെ കൂടിയിരിക്കുന്ന ജനങ്ങൾ. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സർക്കാർ പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് ഈ മണ്ഡലവും സർക്കാരിനൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ഇവിടുത്തെ കൂട്ടായ്മ.

വൈജ്ഞാനിക സമൂഹമായി മാറ്റും : മന്ത്രി ബിന്ദു
കേരളത്തെ പുത്തൻ വൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ആർ.ബിന്ദു. കഴിഞ്ഞ ഏഴര വർഷം കൊണ്ട് 6000 കോടി രൂപയുടെ വികസനമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട പരിശോധനകളിലെല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തിളക്കമാർന്ന നേട്ടങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച 21 ശതമാനം കലാലയങ്ങളും കേരളത്തിലാണ്. വിദ്യാർത്ഥികൾക്ക് വേണ്ടി ലോകോത്തര സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നത്.