
കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും, സർക്കാർ സംവിധാനം അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനിയന്ത്രിത തിരക്ക് അപകടമുണ്ടാക്കുമെന്നത് മുന്നിൽക്കണ്ടാണ് ഭക്തരെ നിയന്ത്രിച്ച് കടത്തിവിടുന്നത്. വൃദ്ധർക്കും കുട്ടികൾക്കും പടികയറാൻ കൂടുതൽ സമയം വേണം. ഇതു മനസിലാക്കി വെർച്ച്വൽ ക്യൂ ദർശനം 80,000 ആയി ചുരുക്കി. സ്‌പോട്ട് ബുക്കിംഗ് അത്യാവശ്യത്തിനു മാത്രമാക്കി കൂടുതൽ ഏകോപിച്ച സംവിധാനമൊരുക്കും.
16,118 പൊലീസുകാർ ശബരിമല ഡ്യൂട്ടിക്കുണ്ട്. കെ.എസ്.ആർ.ടി.സി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകൾ പമ്പയിലേക്കും, 23,663 ട്രിപ്പുകൾ പമ്പയിൽ നിന്നും നടത്തി. ശബരിമല രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ പ്രതിഷേധിച്ചത് ശരിയായില്ല. ശബരിമല മാസ്റ്റർ പ്ലാനിലുൾപ്പെടുത്തി ഏഴു വർഷം കൊണ്ട് 220 കോടി രൂപ സർക്കാർ അനുവദിച്ചു. കിഫ്ബിയിൽ നിന്ന് 108 കോടി ചെലവിട്ട് ആറിടത്ത് ഇടത്താവളം നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള കിയോസ്‌കുകൾ 189
ശുചീകരണ പ്രവർത്തനങ്ങൾക്ക് 1019 പേർ
നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും 2410 ടോയ്‌ലെറ്റ്
15 എമർജൻസി മെഡിസിൻ സെന്ററുകൾ
17 ആംബുലൻസ്, രണ്ട് വെന്റിലേറ്ററുകൾ
25 ഐ.സി യൂണിറ്റുകൾ
ശബരിമലയിൽ കെടുകാര്യസ്ഥത: ജി.സുകുമാരൻ നായർ
ചങ്ങനാശ്ശേരി: ശബരിമലയിലെ തിക്കിനും തിരക്കിനും കാരണം കെടുകാര്യസ്ഥതയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. മുൻപും നിരവധി ഭക്തർ ദർശനം നടത്തി ബുദ്ധിമുട്ടില്ലാതെ മടങ്ങിപ്പോയിട്ടുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇപ്പോഴത്തെ പ്രശ്നം. പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ സംവിധാനമില്ല. ഒരു മിനിറ്റിൽ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50- 60 പേർ മാത്രമാണ് കയറുന്നത്. ഇതാണ് തിരക്കിനിടയാക്കുന്നത്. അമിത ചാർജ് വാങ്ങി ഭക്തരെ കുത്തിനിറച്ചാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ബസുകളുടെ അഭാവവുമുണ്ട്. ചെറുവാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിച്ച് നിലയ്ക്കലിലെ തിരക്ക് ഒഴിവാക്കണം. അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് ഭക്തരുടെ ദുരിതം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.