കോട്ടയം : സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ അഭിപ്രായവും വികസന നവകേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിർദ്ദേശങ്ങളും സ്വീകരിച്ച് നവകേരളസദസിന്റെ ഭാഗമായുള്ള ജില്ലയിലെ ആദ്യ പ്രഭാതയോഗം. കോട്ടയം ജറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടു. ഏറ്റുമാനൂർ,കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ഇരുന്നൂറിലേറെ അതിഥികളാണ് എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായക ചിന്മയി നായർ മുതൽ സ്വാതന്ത്ര്യസമര സേനാനിയായ എം.കെ. രവീന്ദ്രൻ വൈദ്യർ അടക്കമുള്ളവർ പങ്കാളികളായി.
ഫ്ലൈഓവർ വേണം : ജസ്റ്റിസ് കെ.ടി.തോമസ്
മുഖ്യമന്ത്രിയുടെ മറുപടി : കോട്ടയം നഗരത്തിലെ കുരുക്കൊഴിവാക്കാൻ കഞ്ഞിക്കുഴിയിലും കോടിമത മുതൽ നാഗമ്പടം പാലം വരെയും ഫ്ലൈ ഓവർ നിർമ്മിക്കണമെന്നതിൽ സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച ശേഷം നടപടി സ്വകീരിക്കും.
ഒ.ബി.സി സംവരണം നൽകണം : മാർ ജോസഫ് പെരുന്തോട്ടം
മുഖ്യമന്ത്രിയുടെ മറുപടി : സംവരണം പരാതിയില്ലാതെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. കമ്മാള വിഭാഗത്തിൽനിന്ന് സീറോ മലബാർ സഭയിൽ അംഗമായവർക്ക് ഒ.ബി.സി സംവരണം നൽകുന്നതിൽ നടപടിക്രമങ്ങളിലൂടെ അംഗീകാരം നൽകാം.
വിദ്യാഭ്യാസ മേഖലയിൽ മാറ്റം വേണം : സുരേഷ് പരമേശ്വരൻ
സെൽഫ് ഫിനാൻസിംഗ് കോളേജുകൾ പ്രതിസന്ധികൾ നേരിടുകയാണ്. അതിനനുസരിച്ചു വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ഉണ്ടാവണമെന്നു എസ് എൻ ഡി പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ആവശ്യപ്പെട്ടു. വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ പാലായനം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ലഹരിവസ്തുക്കൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ സർക്കാർ ശക്തമാക്കണം. ശ്രീനാരായണ ദർശനങ്ങൾ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തണം.
അനാഥരെ സന്ദർശിക്കണം : പി.യു.തോമസ്
മന്ത്രിമാരും വി.ഐ.പികളും ഓരോ പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ആ പ്രദേശങ്ങളിലെ അനാഥരെ സന്ദർശിക്കുന്നതു നല്ലതാണ്.
സംവിധായകൻ ജയരാജിനുള്ള മറുപടി
അവശകലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കലാസൃഷ്ടികൾ അടക്കമുള്ളവ സംരക്ഷിക്കുന്നതിനു എന്ത് ചെയ്യാൻ പറ്റുമെന്ന് പരിശോധിക്കും.
സർവേ നടപടികൾ വേഗത്തിലാക്കണം
2020ൽ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പട്ടികജാതി പട്ടിക വിഭാഗകർക്കു പട്ടയം നൽകുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏഴായിരത്തോളം അപേക്ഷകൾ വാങ്ങി വച്ചിട്ടും സർവേ നടപടികൾ ആരംഭിച്ചിട്ടില്ല. നടപടികൾ വേഗത്തിലാക്കണമെന്നും മല അരയസഭ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. സജീവ് ആവശ്യപ്പെട്ടു. അർഹത പരിശോധിച്ച് അടുത്ത വർഷം തന്നെ പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.