pinarayi

കോട്ടയം: ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമാനൂർ ബോയ്‌സ് സ്‌കൂളിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി വിഹിതം, റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് ,വിവിധ പദ്ധതികൾക്കുള്ള ഗ്രാന്റ് എന്നിവയെല്ലാം കേന്ദ്രത്തിന്റെ ഔദാര്യമല്ല നമുക്ക് അർഹതപ്പെട്ടതാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നാടിന്റെ വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്ന ഏതു പരിപാടിയെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷത്ത് നിന്ന് നേരിടുന്നത്. കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയ്ക്കിടയിലും വികസനകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ കേരളം ഒരു മേഖലയിലും ഇന്ന് കാണുന്ന നേട്ടങ്ങളലേക്ക് എത്തില്ലായിരുന്നു. നവകേരള സദസ് ധൂർത്താണ് എന്നുള്ള വിമർശനങ്ങൾക്കിടയിൽ നിങ്ങൾ ധൈര്യമായി മുന്നേറിക്കോളൂ എന്ന ജനപിന്തുണയാണ് സർക്കാരിന് കരുത്തെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു