sreedev

കോട്ടയം : സെറിബ്രൽ പാഴ്‌സി രോഗം ബാധിച്ച എസ്.ശ്രീദേവിന് ഇനി വീട്ടിൽ സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ ലഭിക്കും. നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ സംഘടിപ്പിച്ച പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിയെ കാണാനെത്തിയതാണ് ശ്രീദേവ്. മന്ത്രി വീണാ ജോർജാണ് സൗജന്യ ഫിസിയോ തെറാപ്പി വീട്ടിൽ ചെയ്യുമെന്ന ഉറപ്പ് നൽകിയത്. നാല് വർഷത്തോളം കിടപ്പിലായിരുന്ന ശ്രീദേവിന് ഫിസിയോ തെറാപ്പിയിലൂടെയാണ് എഴുന്നേറ്റിരിക്കാൻ സാധിച്ചത്. പതിനെട്ടുകാരനായ ശ്രീദേവ് കോട്ടയം സി.എം.എസ് കോളേജിൽ ഒന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥിയാണ്. വീട്ടിൽ നിന്നും കോളേജിലേക്കു വാടക്കയ്ക്ക് കാർ വിളിച്ചു പോകണമെങ്കിൽ ദിവസം 600 രൂപയോളം ചെലവാകും. എഴുത്തുകാരൻകൂടിയായ ശ്രീദേവിന്റെ ഏഴ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.