
കോട്ടയം : നവകേരളസദസിന്റെ ജില്ലയിലെ രണ്ടാം ദിനം ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി കോട്ടയം മണ്ഡലങ്ങളെ ഇളക്കി മറിച്ചു. വൻ ജനപങ്കാളിത്തത്താലും ചിട്ടയായ പ്രവർത്തനത്താലും സദസ് വേറിട്ടതായി. രാവിലെ യൂഹാനോൻ മാർത്തോമ ഹാളിലെ പ്രഭാത സദസോടെയായിരുന്നു തുടക്കം. നാല് മണ്ഡലത്തിൽ നിന്നുള്ള ഇരുന്നൂറ് പൗരപ്രമുഖർ പങ്കെടുത്ത പ്രഭാത യോഗത്തിൽ നിരവധി ജനകീയ പ്രശ്നങ്ങൾ ഉയർന്നു. വ്യത്യസ്ത സമൂഹത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്ന സദസിൽ ഉയർന്ന ചോദ്യങ്ങൾക്ക് കൃത്യവും, വ്യക്തവുമായ മറുപടി മുഖ്യമന്ത്രി നൽകി. കേന്ദ്ര സർക്കാരിനും, ഗവർണർക്കും, പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി സദസുകളിൽ നടത്തിയത്.
പ്രതിപക്ഷ എം.എൽ.എമാരുള്ള പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ സദസുകളിലേക്കും ജനങ്ങൾ ഒഴുകിയെത്തി. ഇന്ന് കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലാണ് സദസ്. കുറവിലങ്ങാട് പള്ളി പാരീഷ് ഹാളിലും, വൈക്കം ബീച്ച് മൈതാനത്തും നടക്കുന്ന പരിപാടികൾക്ക് ശേഷം ആലപ്പുഴ ജില്ലയിലേക്ക് കടക്കും. വൈക്കം തവണക്കടവ് ജങ്കാർ സർവീസിലാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് പോകുന്നത്.