
കോട്ടയം: ജനപങ്കാളിത്തമാണ് നവകേരളസദസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിനർഹമായ ധനവിഹിതം വെട്ടിക്കുറക്കുന്നതും ഭരണഘടന സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതികൂലനിലപാടുകളും പ്രതിസന്ധി സൃഷ്ടിക്കുന്നു. വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലും കേരളം എല്ലാ മേഖലയിലും മുന്നിലാണ്. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് നവകേരള സൃഷ്ടി എന്ന കാഴ്ചപ്പാടുമായി സർക്കാർ മുന്നോട്ടു പോകും.
ഉയർന്ന ജീവിത സാഹചര്യം ഒരുക്കും : മന്ത്രി വീണ
കേരളത്തിൽ ഉയർന്ന ജീവിത സാഹചര്യം ഒരുക്കുകയെന്നതാണ് നവകേരളത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. സർക്കാർ കഴിഞ്ഞ ഏഴര വർഷമായി വികസനത്തിന്റെ പാതയിലാണ്. ജനാധിപത്യ പ്രക്രിയയിലെ പുതിയ ചരിത്രത്തിന്റെ സൃഷ്ടിയാണ് നവകേരള സദസിലൂടെ സാധ്യമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, മലയോര തീരദേശ പ്രദേശങ്ങളിലെ വികസനം, ഭവന നിർമാണം എന്നിവയിൽ കേരളം മുന്നിലാണ്. ആയുർദൈർഘ്യം, മാതൃ നവജാത ശിശുമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം തുടങ്ങിയ രാജ്യാന്തര ആരോഗ്യസൂചകങ്ങളിൽ
കേരളം മുന്നിട്ട് നിൽക്കുന്നു.