
കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് സ്വേച്ഛാധിപത്യ സമീപനമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സർവകലാശാലകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. മിടുക്കരായ വിദ്യാർത്ഥികളെ ഒഴിവാക്കി എ.ബി.വി.പി പ്രവർത്തകരെ സെനറ്റിൽ തള്ളിക്കയറ്റാനാണ് ഗവർണറുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
'സ്ത്രീകളെ ചൂഷണം
ചെയ്യുന്നത് തടയണം'
തൃശൂർ: തൊഴിൽ മേഖലകളിൽ ചൂഷണങ്ങൾക്ക് സ്ത്രീകൾ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം സംബന്ധിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ചിലയിടങ്ങളിൽ പ്രസവാനുകൂല്യങ്ങൾ ലഭ്യമല്ല. നിയമപരമായ കൂലി നൽകുന്നില്ല. പെൺകുട്ടികൾ വിലപേശി വിൽക്കപ്പെടുന്ന, വിവാഹ കമ്പോളത്തിലെ വസ്തുക്കളായി മാറിയതാണ് അടുത്തിടെയുണ്ടായ സ്ത്രീധന മരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സമ്മർദ്ദം താങ്ങാനാകാതെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ ജീവനൊടുക്കുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്. കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അദ്ധ്യക്ഷയായി.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: തുക
വർദ്ധിപ്പിക്കുമെന്ന് സർക്കാർ
കൊച്ചി: സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്കുള്ള തുക വർദ്ധിപ്പിക്കുന്നതിൽ ജനുവരി 15നകം തീരുമാനമെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പദ്ധതിക്കുള്ള തുക വർദ്ധിപ്പിക്കണമെന്നും കുടിശികത്തുക അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. തുക വർദ്ധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു. ജസ്റ്റിസ് ടി.ആർ. രവി ഹർജികൾ 2024 ജനുവരി 16 ലേക്ക് മാറ്റി.
പ്രധാനാദ്ധ്യാപകർക്ക് ഒക്ടോബർ വരെയുള്ള തുക നൽകിയെന്നും നവംബറിലേതു നൽകാൻ നടപടി പുരോഗമിക്കുകയാണെന്നും സർക്കാർ വിശദീകരിച്ചു. നിലവിൽ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് മുട്ടയും പാലും നൽകാൻ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ഈ പദ്ധതിയുമായി സഹകരിക്കാൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു. ഈ ഘട്ടത്തിലാണ് തുക വർദ്ധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചത്.