pianarayi-vijayan

കോട്ടയം: കേന്ദ്രം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന് മേലുള്ള കൈകടത്തൽ അവസാനിപ്പിച്ചില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അടിച്ചേല്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാകും. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിതമായി കേന്ദ്രം തകർക്കുകയാണ്. കിഫ്ബി അടക്കമുള്ള സംസ്ഥാന സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് നടത്തുന്നത്.

കേന്ദ്ര നടപടികൾ മൂലമുണ്ടായ ഗുരുതര പ്രതിസന്ധിക്ക് അയവു വരുത്താൻ 26,226 കോടി രൂപ അടിയന്തരമായി ആവശ്യമുണ്ട്. ഈ നഷ്ടം അടുത്ത അഞ്ചുവർഷം കൊണ്ട് രണ്ടുമുതൽ മൂന്ന് ലക്ഷം കോടി വരെയാകും. വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിൽ ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.

ആരുടെയെങ്കിലും പരാതിയിൽ വിശദീകരണം തേടലല്ല ഗവർണറുടെ ജോലി. സംസ്ഥാനത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.