മുണ്ടക്കയം: ഒരു ദുരന്തത്തിന് തന്നെ ഈ കുഴി കാരണമാകാം!. അപകടസാധ്യത അത്രത്തോളമാണ്. അത് അധികാരികൾക്കുമറിയാം. പക്ഷേ അവർ കണ്ണടയ്ക്കുകയാണ്. കൊട്ടാരക്കര - ദിണ്ടുകൽ ദേശീയപാതയിൽ മുണ്ടക്കയം സെൻട്രൽ ജംഗ്ഷന് സമീപമാണ് ജലവിതരണ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി രണ്ടിടത്ത് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴി വാഹനയാത്രക്കാർക്ക് വിനയായി മാറുകയും ചെയ്തു. ടൗണിൽ സപ്ലൈകോ റോഡ് ജംഗ്ഷനിലും കൂട്ടിക്കൽ റോഡ് ജംഗ്ഷനിലുമാണ് കുഴി രൂപപ്പെട്ടത്. വലിയതോതിൽ കുടിവെള്ളവും പാഴാകുന്നുണ്ട്. കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം കെ.കെ. കൊച്ചഹമ്മദ് റോഡിലൂടെ ഒഴുകുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കൂട്ടിക്കൽ റോഡിലും ഇതുതന്നെ
കൂട്ടിക്കൽ റോഡിലും കുടിവെള്ള പൈപ്പ് പൊട്ടിഒഴുകുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.