
കോട്ടയം : മൂന്നുദിവസം ഒമ്പതു മണ്ഡലങ്ങൾ ഇളക്കി മറിച്ച നവകേരളസദസ് ജില്ല വിട്ട് ആലപ്പുഴയ്ക്ക് കടന്നപ്പോൾ റബർ അടക്കം അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന നടപടികളൊന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തതിൽ ജനം നിരാശയിൽ. ഇന്നലെ കുറവിലങ്ങാട് നടന്ന യോഗത്തിൽ റബർ കൃഷിയോടു കേന്ദ്രസർക്കാർ കാണിക്കുന്നത് ശത്രുതാപരമായ നിലപാടെന്നു പറഞ്ഞ് കേന്ദ്രത്തെ പഴിചാരുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. പൗരപ്രമുഖർ പങ്കെടുത്ത കോട്ടയത്തെ പ്രഭാത സദസിൽ റബറിന്റെ താങ്ങുവില ഉയർത്തണമെന്ന ആവശ്യം ക്രൈസ്തവ ബിഷപ്പുമാർ അടക്കം ഉന്നയിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 170 രൂപ താങ്ങുവില 200 ആക്കണമെന്ന് റബർ ഉത്പാദക സംഘടനാ നേതാവ് ജോർജ് വാലി പറഞ്ഞതും മുഖ്യമന്ത്രി കേട്ടതായി ഭാവിച്ചില്ല. വാർത്താസമ്മേളനത്തിൽ റബർ പ്രശ്നം ഉയർത്തിയപ്പോൾ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മുഖ്യമന്ത്രി എണീറ്റു. റബർ താങ്ങുവില 250 രൂപയാക്കുമെന്ന് ഇടതുപ്രകടന പത്രികയിലുള്ളതിനാൽ ആശ്വാസ നടപടി പ്രഖ്യാപനം കോട്ടയത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായി മുഖ്യമന്ത്രിയുടെ സമീപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപ്രവർത്തകരെ ഊർജ്വസ്വലരാക്കുന്ന രാഷ്ട്രീയ പ്രചാരണം ഉദ്യോഗസ്ഥ സഹായത്തോടെ നടത്താൻ നവകേരള സദസിലൂടെ സർക്കാരിന് കഴിഞ്ഞു. ഒമ്പതു മണ്ഡലങ്ങളിൽ നാൽപ്പതിനായിരത്തിലേറെ പരാതികൾ നവകേരളസദസിൽ ലഭിച്ചു. അവയിലെ തീർപ്പ് എന്നാകുമെന്നതിനും കാത്തിരിക്കണം.
തട്ടകത്തിലെ കൊട്ടിൽ ക്ഷീണം
റബർ അടക്കം ജനകീയ പ്രശ്നങ്ങൾ കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ പാലായിൽ അവതരിപ്പിച്ച തോമസ് ചാഴികാടൻ എം.പിയെ പരസ്യമായി മുഖ്യമന്തി വിമർശിച്ചത് പാർട്ടിയ്ക്ക് ക്ഷീണമായി. പ്രതിപക്ഷ നേതാക്കൾക്ക് ഏറ്റു പിടിക്കാനുള്ള വിഷയവുമായി. അപമാനം സഹിച്ച് ഇടതുമുന്നണിയൽ തുടരണമോ എന്ന് കേരള കോൺഗ്രസ് (എം) ചിന്തിക്കണമെന്ന അഭിപ്രായവും കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായി. കെ.സുധാകരൻ, വി.ഡി.സതീശൻ അടക്കമുള്ളവർ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിർമശനമുയർത്തി.
കടുത്തുരുത്തിയിൽ 3856 നിവേദനങ്ങൾ
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന കടുത്തുരുത്തി മണ്ഡലതല നവകേരള സദസിൽ 3856 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ ഒരുക്കിയത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കിയിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനത്ത് സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.