വൈക്കം: ആവേശം അണമുറിയാതെ സത്യഗ്രഹ ഭൂമി. വൈക്കം കായലോര മൈതാനത്ത് ഇന്നലെ നടന്ന നവകേരള സദസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വൈകിട്ട് 3നാണ് സമയം നിശ്ചയിച്ചിരുന്നത്. പക്ഷേ നിശ്ചിത സമയത്തിനും മുൻപ് കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞ് ജനമെത്തി.
പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11 മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 25 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്.
7667 പരാതികളാണ് ലഭിച്ചത്. തബലവാദക രത്‌നശ്രീ അയ്യർ, നാദസ്വരവിദ്വാൻ വൈക്കം ഷാജി, വയനിസ്റ്റ് ഡോ. ഇ.ബി ജയപ്രകാശ് പേരൂർ, മൃദംഗവിദ്വാൻ സുരേഷ് കെ.പൈ, തകിൽ വിദ്വാൻ മനോജ് ചെറായി എന്നിവർ നയിച്ച ലയതരംഗം ഫ്യൂഷനോടെയാണ് നവകേരള സദസ് തുടങ്ങിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽ പൂച്ചെണ്ടുകളും പുസ്തകങ്ങളും നൽകി സ്വീകരിച്ചു. ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ട്‌ജെട്ടിയുടെ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും പി കൃഷ്ണപിള്ളയുടെ ഛായാചിത്രം അടങ്ങുന്ന ഫോട്ടോ ഉപഹാരം മുഖ്യമന്ത്രിക്ക് സി.കെ ആശ എം.എൽ.എ നൽകി. സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി.
ലൈഫ് ഭവനപദ്ധതിയിലേക്ക്, ഇറുമ്പയത്തെ 40 സെന്റ് സ്ഥലം വീട്ടുനൽകിയ പി.പി സുനിൽ കുമാറും ഭാര്യ സ്മിതയും ചേർന്ന് സ്ഥലത്തിന്റെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി. ജില്ലയിലെ അവസാന പരിപാടിയായിരുന്നു വൈക്കത്ത് നടന്നത്.