
കോട്ടയം: എരുമേലിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പാർക്കിംഗ് കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി ഗ്രാമ പഞ്ചായത്ത്. തീർത്ഥാടകരിൽ നിന്ന് അമിത നിരക്ക് വാങ്ങിയതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണ് നടപടി.
ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് ഒരു ദിവസം 100 രൂപയാണ് ബോർഡിന്റെ നിരക്ക്. എന്നാൽ 150 രൂപയാണ് പല ഗ്രൗണ്ടുകളിലും വാങ്ങുന്നത്. തുടർന്നാണ് ഒരു തീർത്ഥാടകൻ പരാതിയുമായി കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡിന്റെ നാലും ജമാ അത്തിന്റെ ഒന്നും ഉൾപ്പെടെ വലിയ 21 പാർക്കിംഗ് ഗ്രൗണ്ടുകളാണുള്ളത്.
പല പാർക്കിംഗ് ഗ്രൗണ്ടുകളിലും നിരക്ക് പ്രദർശിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ദേവസ്വം ബോർഡ് ലേലം ചെയ്ത ഗ്രൗണ്ടിൽ നിന്ന് അധിക തുക വാങ്ങിയതിന് പിഴ ഈടാക്കി. ദേവസ്വം ബോർഡിന്റെ ഉൾപ്പെ ഏഴ് പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് ലൈസൻസുമില്ല. അമിത ഫീസ് വാങ്ങിയ കരാറുകാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക നിരക്ക് (ഒരുദിവസം)
ഇരുചക്രവാഹനം: 10
ഓട്ടോറിക്ഷ: 20
കാർ: 30
ജീപ്പ് : 40
മിനി ബസ്: 75
ബസ് 100
ഒത്തുചേർന്നുള്ള കൊള്ള
ഗ്രൗണ്ടുകൾ കരാറെടുത്ത ശേഷം ഉപകരാർ നൽകിയവരുമുണ്ട്. അന്യസംസ്ഥാനക്കാരായ തീർത്ഥാടകരെയാണ് പിഴിയുന്നത്. പരിശോധനാ സംഘമെത്തുമ്പോൾ കരാറുകാരൻ അടുത്ത ഗ്രൗണ്ടിലേക്ക് വിവരം കൈമാറും. ചെറിയ പറമ്പുകൾ നിരത്തിയും വീടിനോട് ചേർന്നുള്ള സ്ഥലം പാർക്കിംഗ് ഗ്രൗണ്ടുകളാക്കിയും വരുമാനം നേടുന്നവരുമുണ്ട്.
ശബരിമലയിൽ ഇന്ന്
പള്ളിയുണർത്തൽ പുലർച്ചെ :2.30
നടതുറപ്പ് : 3.00
നിർമ്മാല്യം: 3.05
ഗണപതി ഹോമം: 3.30
നെയ്യഭിഷേകം: 3.30 മുതൽ 7 വരെ
ഉഷ:പൂജ: 7.30
നെയ്യഭിഷേകം: 8.00 മുതൽ 11.30വരെ
കലശപൂജ, കളഭാഭിഷേകം: 12.00
ഉച്ചപൂജ: 12.30
നടയടപ്പ്: ഉച്ചയ്ക്ക് 1.00
നടതുറപ്പ്: വൈകിട്ട് 3.00
ദീപാരാധന: 6.30
പുഷ്പാഭിഷേകം: 6.45
അത്താഴപൂജ: 9.30
ഹരിവരാസനം: 10.50
നടയടപ്പ്: 11.00
അയ്യപ്പഭക്തരോട്
ക്രൂരത:ശശികല
തിരുവനന്തപുരം : പിണറായി സർക്കാർ അയ്യപ്പഭക്തരോട് കാണിക്കുന്നത് മാപ്പർഹിക്കാത്ത ക്രൂരതയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല . തിരുവിതാംകൂർ ദേവസ്വംബോർഡ് ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സർക്കാരും ദേവസ്വംബോർഡും മുന്നൊരുക്കങ്ങൾ നടത്താതെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഭക്ഷണമോ വെള്ളമോ ശുദ്ധവായുവോ ലഭിക്കാതെ ഭക്തരെ ബസിലും മറ്റും പൂട്ടിയിടുംവിധം തടഞ്ഞുവയ്ക്കുകയായിരുന്നു. വെള്ളം കിട്ടാതെ കുഞ്ഞുമാളികപ്പുറം മരിച്ചിട്ടും മന്ത്രിയും ദേവസ്വംബോർഡും പറയുന്നത് എല്ലാ സൗകര്യവും ഒരുക്കിയെന്നാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് കിളിമാനൂർ സുരേഷ് അധ്യക്ഷനായിരുന്നു.
സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.ശുശികുമാർ, സെക്രട്ടറി കെ.പ്രഭാകരൻ, സമിതി അംഗം സന്ദീപ് തമ്പാനൂർ, മഹിള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ സതീഷ്, സെക്രട്ടറി സൂര്യ പ്രേം, ഹിന്ദുഐക്യവേദി ജില്ല ജനറൽ സെക്രട്ടറി അറപ്പുര ബിജു, ജില്ലാസെക്രട്ടറി അഴൂർ ജയകുമാർ, സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സഹസംഘടന സെക്രട്ടറി പൂഴനാട് വേണു, ഖജാൻജി നെടുമങ്ങാട് ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.