
കോട്ടയം: കേന്ദ്ര സർക്കാറിന്റെ ഉല്ലാസ് ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നടത്തിയ മികവുത്സവത്തിൽ ജില്ലയിൽ നിന്നും പങ്കെടുത്തത് 1500 ഓളം പഠിതാക്കൾ. ഇതിൽ 1200 പേർ സ്ത്രീകളും 300 പേർ പുരുഷന്മാരുമാണ്. മൂല്യനിർണയത്തിൽ എഴുതിയ പഠിതാക്കളെല്ലാം സമ്പൂർണവിജയം നേടി. 84കാരിയായ പൂഞ്ഞാർ സ്വദേശിനി മറിയക്കുട്ടിയാണ് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവ്. തൃക്കൊടിത്താനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത്.
പദ്ധതിയുടെ ലക്ഷ്യം
സാഹചര്യം മൂലം പഠനം മുടങ്ങിയവർ, അടിസ്ഥാനവിദ്യാഭ്യാസം നേടാൻ സാധിക്കാത്തവർ തുടങ്ങിയവരെ സ്വന്തമായി പേരെഴുതാനുള്ള പ്രാപ്തിയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് മികവുത്സവം പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ കോർഡിനേറ്റർ വി.വി മാത്യു പറഞ്ഞു. പരീക്ഷാപ്പേടി ഒഴിവാക്കുവാനാണ് പരീക്ഷ എന്ന വാക്ക് മാറ്റി മികവുത്സവം എന്ന പേരിൽ പദ്ധതി നടത്തിയത്. രജിസ്ട്രേഷൻ, പാഠ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാറിന്റെ പി.എഫ്.എം.എസ് പോർട്ടൽ വഴി ജില്ലയിൽ അനുവദിച്ചത് 1.27 ലക്ഷം രൂപയാണ്.
അംങ്കണവാടികൾ, സ്‌കൂളുകൾ, വീടുകൾ, സാംസ്‌കാരിക നിലയങ്ങൾ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സാക്ഷരതാ പ്രേരക്മാർ, വോളണ്ടറി അദ്ധ്യാപകർ എന്നിവരാണ് മികവുത്സവം ഏകോപിപ്പിച്ചത്. മലയാളം, ഗണിതം ഉൾപ്പെടെ ദിനചര്യയുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരുന്നത്.
പങ്കെടുത്ത പഠിതാക്കൾ
തൃക്കൊടിത്താനം 168, പൂഞ്ഞാർ 139, കുറവിലങ്ങാട് 159, കടുത്തുരുത്തി 145, കുമരകം 66, കടനാട് 146, ചിറക്കടവ് 146, കാഞ്ഞിരപ്പള്ളി 121, ഉദയനാപുരം 141, വിജയപുരം 160, പാമ്പാടി 106.