bund

കോട്ടയം: കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ബണ്ട് ഇന്ന് അടക്കേണ്ടതാണെങ്കിലും ഇതിനുള്ള പ്രാരംഭ നടപടികൾ ആയില്ല. കോട്ടയം ആലപ്പുഴ കളക്ടർമാരും ഇരുജില്ലകളിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നാണ് ബണ്ട് എന്ന് അടയ്ക്കണമെന്ന് തീരുമാനിക്കേണ്ടത്. നവകേരള സദസ് നടത്തിപ്പിൽ കളക്ടർമാരും ഉദ്യോഗസ്ഥരും കുടുങ്ങി കിടക്കുന്നതിനാൽ എന്ന് യോഗം ചേരണമെന്നു പോലും തീരുമാനിച്ചിട്ടില്ല.

ഡിസംബർ 15 മുതൽ മാർച്ച് 15 വരെയാണ് തണ്ണീർമുക്കം ബണ്ട് സാധാരണ അടച്ചിടുക. കുട്ടനാട് അപ്പർ കുട്ടനാട് പാടശേഖരങ്ങളിൽ കൊയ്തു പൂർത്തിയാകാത്തതിനാൽ ബണ്ട് അടക്കൽ നീട്ടിവയ്ക്കണമെന്ന നിലപാടിലാണ് കർഷകർ. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ബണ്ട് ഉടൻ അടയ്ക്കണമെന്ന് മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നു.

## ഉപ്പുവെള്ളം കയറിയിറങ്ങി വേമ്പനാട്ടുകായലിലെ മാലിന്യങ്ങൾ നശിച്ചും എക്കൽ അടിഞ്ഞു വയലുകളിലെ അമ്ലം ഇല്ലാതാക്കാനും വെള്ളപ്പൊക്ക കാലത്ത് എക്കൽ അടിഞ്ഞു കുട്ടനാട്ടിലെ വയലുകൾ ഫലഭൂയിഷ്ടമാക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷം തുറന്നിടണമെന്ന നിലപാടിലാണ് പരിസ്ഥിതി സംഘടനകൾ. ആലപ്പുഴയിലെ മുൻ മന്ത്രിമാരായ ഡോ.തോമസ് ഐസക്ക് , ജി.സുധാകരൻ തുടങ്ങിയ നേതാക്കളും, ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം സംഘടനകളും ഇതേ നിലപാടിലാണ്.

## വേമ്പനാട്ടുകായലിലെ വീതി കൂടിയ ഭാഗത്താണ് ബണ്ട്. വേലിയേറ്റ സമയത്ത് ഉപ്പു വെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ 90 ഷട്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബണ്ട് അടയ്ക്കുന്നതോടെ ബണ്ടിനപ്പുറം വൈക്കം ഭാഗത്ത് ഉപ്പുവെള്ളവും കുട്ടനാട്ടിൽ ലവണാംശമില്ലാത്ത വെള്ളവുമാകും. ഒഴുക്കില്ലാതെയാകുന്നതോടെ പായലും പോളയുംനിറഞ്ഞ് വേമ്പനാട്ടുകായൽ മലിനമാകും . ബോട്ടുകളുടെ വള്ളങ്ങളുടെയും സഞ്ചാരത്തെയും കായൽ ടൂറിസത്തെയും ഇത് സാരമായി ബാധിക്കും.

ഉപ്പുവെള്ളം കയറിയിറങ്ങുന്നത് മത്സ്യങ്ങളുടെ വളർച്ചയെ സഹായിക്കുമെന്നതിനാൽ ബണ്ട് എന്നും തുറന്നിടണമെന്ന് മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നു. രണ്ടു കൃഷി നടക്കുന്നതിനാൽ ബണ്ട് കൂടുതൽ കാലം അടച്ചിടണമെന്ന നിലപാടിലാണ് നെൽ കർഷകർ. ഇതേ ചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള തർക്കവും എതിർപ്പുമാണ്.

## കുട്ടനാട്ടിൽ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താൻ തണ്ണീർ മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും തുറന്നിടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ നടപ്പാക്കാൻ ആരും ധൈര്യം കാട്ടുന്നില്ല. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണം .

ഡോ.കെ.ജി പത്മകുമാർ (ഗവേഷകൻ )