കോട്ടയം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ പുണ്യസങ്കേതമായ നാഗമ്പടം ക്ഷേത്രത്തിൽ തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുക്കങ്ങളായി.

1928ൽ ഗുരുദേവൻ നാഗമ്പടത്തെ തേന്മാവിൻ ചുവട്ടിലിരുന്ന് ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ സ്മരണ ഉണർത്തിയാണ് എല്ലാ വർഷവും ഡിസംബർ 29ന് കോട്ടയം യൂണിയൻ ധർമ്മപതാക ശിവഗിരിയിലെത്തിക്കുന്നത്.

1932 ൽ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, കിട്ടൻ റൈട്ടർ, ഗോപാലൻ തന്ത്രികൾ തുടങ്ങിയവർ നടത്തിയ പദയാത്രയെ അനുസ്മരിച്ചുകൊണ്ട് നൂറു കണക്കിനാളുകൾ നാഗമ്പടത്ത് എത്തിച്ചേർന്ന് തേന്മാവിന് വലം വച്ച ശേഷം ശിവഗിരിയിലേയ്ക്ക് പുറപ്പെട്ടു. ഇക്കൊല്ലം ഒൻപത് പദയാത്രകളാണ് നാഗമ്പടത്ത് കൂടി കടന്നുപോകുക. ഡിസംബർ 25ന് രാവിലെ 10 ന് നാഗമ്പടത്ത് നിന്നും സമാരംഭിക്കും. 24ന് രാവിലെ 7ന് പുലിക്കുട്ടിശ്ശേരി, 9ന് വെള്ളൂത്തുരുത്തി, ഉച്ചയ്ക്ക് ശേഷം 2ന് പള്ളം പന്നിമറ്റം പദയാത്രാസമിതി, വൈകിട്ട് 7ന് പിറവം മണീട്. ഉച്ചയ്ക്ക് 12ന് വൈക്കത്ത് നിന്നുള്ള ശിവഗിരി മഠം ഔദ്യോഗിക പദയാത്ര, 2ന് ചെങ്ങളം വടക്ക് പദയാത്ര, വൈകിട്ട് 7.30ന് വല്യാട് പദയാത്ര. ഡിസംബർ 27ന് രാവിലെ 9ന് 91 യുവജനങ്ങൾ മാത്രം പങ്കെടുക്കുന്ന യുവജന പദയാത്രയും പുറപ്പെടും. മുൻകൂട്ടി അറിയിച്ച ശേഷം തീർത്ഥാടകരായി നാഗമ്പടം ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്ക് വിശ്രമിക്കുന്നതിനും, ഭക്ഷണത്തിനും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് യൂണിയൻ സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.