
കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ സുധാ ഫിനാൻസ് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കലഞ്ഞൂർ പാടം പുന്നക്കുടി പുത്തൻവീട്ടിൽ ഫൈസൽ രാജ് (33) കോടതിയിൽ കീഴടങ്ങി.
നാലു മാസം ഒളിവിലായിരുന്ന ഇയാൾ ഇന്നലെ രാവിലെ 11നാണ് അഭിഭാഷകനൊപ്പം പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ കീഴടങ്ങിയത്. രണ്ടാം പ്രതി കോന്നി നിരത്തുപാറ തിടി അനീഷ് ഭവനിൽ അനീഷ് ആന്റണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് എഴിന് രാവിലെയാണ് ചിങ്ങവനം മന്ദിരം കവലയിലുള്ള സുധാ ഫിനാൻസിൽ നിന്ന് ഒന്നേകാൽ കോടിരൂപയുടെ സ്വർണവും എട്ട് ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും കവർന്നത്. സി.സി.ടി.വിയുടെ ഡി.വി.ആർ കൈവശപ്പെടുത്തിയ മോഷ്ടാക്കൾ തെളിവ് നശിപ്പിക്കാൻ പരിസരത്ത് സോപ്പു പൊടി വിതറിയാണ് രക്ഷപ്പെട്ടത്. തുടർന്ന് സോപ്പു പൊടി പൊതിഞ്ഞ പത്രക്കടലാസിൽ നിന്ന് ലഭിച്ച തുമ്പിൽ നിന്നാണ് പ്രതികളിലേക്കെത്തിയത്.