കൊഴുവനാൽ: ഉച്ചകഞ്ഞിക്ക് ഒരു മുളകുപോലും കൊഴുവനാൽ ഗവ.എൽ.പി.സ്‌കൂളിൽ കാശ് കൊടുത്ത് വാങ്ങേണ്ടതില്ല. അറിവിനൊപ്പം കാർഷിക വിളകൾക്കും നൂറുമേനിയുടെ വിളവാണീ മണ്ണിൽ. അതുകൊണ്ടുതന്നെ കൊഴുവനാൽ ഗവ.എൽ.പി.സ്‌കൂളിനെ കൊഴുവനാൽ പഞ്ചായത്തിലെ ആദ്യ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ളാലം ബ്ലോക്കിൽ നിന്ന് തിരഞ്ഞെടുത്ത ഹരിതവിദ്യാലയങ്ങളിൽ ആദ്യത്തേതാണിത്. പച്ചമുളക് മാത്രമല്ല വെണ്ടയും വഴുതനയും പയറുമൊക്കെ പുഷ്പം പോലെ കായ്ച്ച് നിൽക്കുകയാണിവിടെ. ജലസംരക്ഷണത്തിനുമുണ്ട് ഇവിടെ സവിശേഷമായൊരു മാതൃക. സ്‌കൂളിന്റെ മേൽക്കൂരയിൽ നിന്ന് നീളുന്ന പാത്തി കിണറ്റിലേക്കാണ്. കിണർ റീചാർജ്ജിംഗ് ഈസിയായി നടക്കും. ഒപ്പം മാലിന്യസംസ്‌കരണത്തിനും സ്‌കൂളിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനമികവിടെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം വന്നത്.
ഹെഡ്മിസ്ട്രസ് ആർ.യമുനാദേവിയും അദ്ധ്യാപകരായ ലക്ഷ്മിപ്രിയ രാജീവും ബീനാകുമാരിയും സജിതാ കിരണും ആര്യ അനന്തുവും ആശയും ലില്ലിയുമൊക്കെ കുട്ടികളോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിന്റെ മികവിലാണ് ഇത് ഹരിതവിദ്യാലയമായി ഉയർന്നത്.
കഴിഞ്ഞദിവസം സ്‌കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ ഹരിതമിഷന്റെ അനുമോദന പത്രം പഞ്ചായത്ത് മെമ്പർ പി.സി. ജോസഫ് സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ജോബി മാനുവലിനും ഹെഡ്മിസ്ട്രസ് ആർ. യമുനാദേവിക്കും കൈമാറി.