
കോട്ടയം: നവകേരള സദസ് കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷീണം മാറിയിട്ടില്ല. ലഭിച്ച പരാതികളിലൊന്നും നടപടി സ്വീകരിച്ചിട്ടില്ല. മൂന്നു ദിവസം കൊണ്ട് ഒമ്പത് മണ്ഡലങ്ങളിലായി 42,656 പരാതികളാണ് ലഭിച്ചത്.
അതിര് പ്രശ്നം മുതൽ സർക്കാർ ഓഫീസുകളിൽ വർഷങ്ങളായി കയറിയിറങ്ങിയിട്ടും പരിഹരിക്കപ്പെടാത്ത പരാതികൾ വരെ നൽകിയവയിലുണ്ട്. മറ്റു ജില്ലകളിലേതുപോലെ ചികിത്സാ സഹായം സംബന്ധിച്ച പരാതികളാണ് ഏറെയും. ഇത്തരം പരാതികൾ റവന്യൂ അധികൃതർ തന്നെ കൈകാര്യം ചെയ്യും. ഭൂമി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, കെ.എസ്.ഇ.ബി,, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഓരോ വേദികളിലും പ്രത്യേക കൗണ്ടറുകൾ ഒരുക്കിയാണ് പരാതികൾ സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയോ, മന്ത്രിമാരോ, മുതിർന്ന ഉദ്യോഗസ്ഥരോ ആളുകളെ നേരിൽ കാണുകയോ, ഏതെങ്കിലും പരാതികൾ നേരിട്ടു വാങ്ങുകയോ ചെയ്തിരുന്നില്ല. സദസ് ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുമ്പ് ആരംഭിച്ച കൗണ്ടറുകൾ വഴിയാണ് പരാതി സ്വീകരിച്ചത്.
പരാതികളിന്മേൽ എടുത്ത നടപടികൾ 15 ദിവസത്തിനകം പരാതിക്കാരെ അറിയിക്കുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ചിലയിടങ്ങളിൽ പരാതി വാങ്ങിയ ഉദ്യോഗസ്ഥർ മൂന്നു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന മറുപടിയും പരാതിക്കാർക്ക് നൽകിയിട്ടുണ്ട്.
കൂടുതൽ വൈക്കത്ത്
വൈക്കത്തു നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് -7667. ഏറ്റവും കുറവ് പാലായിലും 3668 എണ്ണം. കോട്ടയം -4512, പുതുപ്പള്ളി -4313, കാഞ്ഞിരപ്പള്ളി -4392, ചങ്ങനാശേരി- 4656, കടുത്തുരുത്തി -3856, പൂഞ്ഞാർ- 4794, ഏറ്റുമാനൂർ -4798 എന്നിങ്ങനെയാണ് എണ്ണം
പ്രതീക്ഷിച്ചതൊന്നുമുണ്ടായില്ല
നവകേരളസദസിൽ ജില്ലയുടെ വികസനത്തിനായി മുഖ്യമന്ത്രിയുടെ പരാമർശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഉരുൾവിഴുങ്ങിയ കൂട്ടിക്കൽ ഉൾപ്പെടുന്ന പൂഞ്ഞാർ മണ്ഡലത്തിലായിരുന്നു തുടക്കമെങ്കിലും കൂട്ടിക്കലിന് വേണ്ടി ഒരു പരാമർശവുമുണ്ടാവാഞ്ഞത് എല്ലാവരേയും നിരാശപ്പെടുത്തി. റബറിന്റെ താങ്ങുവിലയുടെ വർദ്ധനവും മറ്റ് വികസനവും മുഖ്യമന്ത്രി പരാമർശിച്ചില്ല. പകരം കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുക മാത്രമാണുണ്ടായത്.