
കോട്ടയം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സെക്യൂരിറ്റി അംഗങ്ങൾക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. വി.ഐ.പി യെ വഴിയിൽ വിട്ടിട്ട് ദൂരെ ഓടി മാറി മർദ്ദനം നടത്തിയത് പൊലിസിംഗിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാനല്ല മുഖ്യമന്ത്രിയിൽ നിന്ന് സൽപേരു കിട്ടാനാണ് ഇവർ മർദ്ദനം നടത്തിയത്. മുഖ്യമന്ത്രി ഇതിനു കൂട്ടുനിന്നു എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഒരു വി.ഐ.പിയുടെ സുരക്ഷ നൽകുന്നതിനായി നിയോഗിക്കപ്പെട്ട പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുടെ ചുമതലകൾ സംബന്ധിച്ച് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.