
ചങ്ങനാശേരി:അക്രമികളെയും തസ്കരെയും ഇനി ഭയക്കേണ്ട.... നഗരത്തിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മാലിന്യങ്ങൾ വലിച്ചെറിയന്നതും ഉൾപ്പെടെ തടയുന്നതിനായി നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു തുടങ്ങി. മാലിന്യം വലിച്ചെറിയുന്നവരെയും കാമറക്കണ്ണ് പിന്തുടരും.
അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നഗരത്തിൽ വിവിധയിടങ്ങളിൽ കാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണ് നിർമാണ ചുമതല. മൂന്ന് വർഷത്തെ പരിപാലനം കെൽട്രോണിനും ശേഷം നഗരസഭയ്ക്കുമാണ് ചുമതല.
ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലാണ് കാമറകളുടെ മോണിറ്റർ സ്ഥാപിക്കുന്നത്. മോണിറ്ററിലൂടെ 24 മണിക്കൂറും ദൃശ്യങ്ങൾ നിരീക്ഷിച്ച് നിയമലംഘകരെ പിടികൂടാം. 45 ദിവസത്തെ വരെ ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രദേശം പൂർണമായും കാമറക്കണ്ണിൽ പതിയാൻ ഒരു പോസ്റ്റിൽ തന്നെ ഒന്നിലധികം കാമറകളാണ് സ്ഥാപിക്കുന്നത്. രാത്രി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറുകളും കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുന്ന കാമറകളാണ് സജ്ജമാക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമാക്കാനാണ് പദ്ധതി.
ആർക്കൊക്കെ പിടിവീഴും
മാലിന്യം തള്ളൽ
അപകടകരമായി വാഹനം ഓടിക്കൽ
പോക്കറ്റടി, മോഷണം
അക്രമണങ്ങൾ
കാമറ ഇവിടൊക്കെ
പാലത്തറ ജംഗ്ഷൻ, ബോട്ട് ജെട്ടി, സെൻട്രൽ ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പെരുന്ന ജംഗ്ഷൻ, രാജേശ്വരി ജംഗ്ഷൻ, ളായിക്കാട്, റെയിൽവേ ജംഗ്ഷൻ, മാർക്കറ്റ് റോഡ്, ബൈപ്പാസ് റോഡ്.