sulay

കോട്ടയം : ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ സപ്ളൈകോയിൽ സബ്സിഡി സാധനങ്ങളെത്തിയില്ല. ജില്ലാ കേന്ദ്രത്തിൽ 21 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ ഫെയറിൽ മാത്രം സബ്സിഡി സാധനങ്ങളെത്തുമെന്നാണ് ഉദ്യോസ്ഥർ പറയുന്നത്. ഓണത്തിനു മുൻപെ തുടങ്ങിയ ക്ഷാമം ക്രിസ്മസ് കാലത്തും തുടരുന്നത് സാധാരണക്കാരന് ഇരട്ടി പ്രഹരമായി. ഉപഭോക്താക്കൾ സപ്ലൈകോ സ്റ്റോറുകളിലെത്തി നിരാശരായി മടങ്ങുകയാണ്. ചിലിയിടങ്ങളിൽ വാക്കേറ്റവും പതിവാണ്. സ്റ്റോക്കെന്ന് വരുമെന്ന ചോദ്യത്തിനും ജീവനക്കാരും കൈമലർത്തുകയാണ്. മറ്റു സാധനങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. വിലക്കുറവിൽ ലഭിക്കേണ്ട സാധനങ്ങൾക്ക് പോലും ഇരട്ടിയിലേറെ വില നൽകി സ്വകാര്യ വില്പന സ്ഥാപനങ്ങളെയും സൂപ്പർ മാർക്കറ്റുകളെയും മറ്റും ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് ജനം. അരലിറ്റർ വെളിച്ചെണ്ണ പായ്ക്കറ്റില്ലാത്തതിനാൽ ക്രിസ്മസ് ഫെയറിൽ 141 രൂപയ്ക്ക് ഒരു ലിറ്റർ എണ്ണയാകും വിൽക്കുക. ഇതിൽ അര ലിറ്ററിന്റെ പണം സബ്സിഡിയാണ്. സബ്‌സിഡി ഉത്പന്നങ്ങളായ പഞ്ചസാര, വൻപയർ, കടല, ഉഴുന്ന്, പരിപ്പ്, വറ്റൽ മുളക്, ചുവന്നുള്ളി, പച്ചരി, ആട്ട തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഒന്നും സപ്ലൈകോയിൽ ഇല്ല. ചെറുപയറും പരിപ്പും മാത്രമാണ് കോട്ടയത്തെ പ്രധാന സപ്ലൈകോ ഔട്ട്‌ലെറ്റിൽ ഉള്ളത്.

 പായ്ക്കിംഗ് തൊഴിലാളികളുടെ കാര്യം കഷ്ടം

സബ്‌സിഡി ഉത്പന്നങ്ങൾക്ക് മാത്രമാണ് പായ്ക്കിംഗ് ആവശ്യം. ഇവയ്ക്ക് ക്ഷാമമായതോടെ പായ്ക്കിംഗ് തൊഴിലാളികളുടെ കാര്യം ദുരിതത്തിലായി. കൃത്യമായ അളവിൽ തൂക്കി പായ്ക്ക് ചെയ്യുന്ന കവർ ഒന്നിന് 1.65 രൂപയാണു കൂലി. ഇത് ടീമിലുള്ള 4 പേർ പങ്കിടണം. സാധനങ്ങൾ സുലഭമായിരുപ്പോൾ 13,000 വരെ വേതനം ലഭിച്ചിരുന്ന സ്ഥാനത്ത് പകുതിയിലും താഴെയായി ഇവരുടെ മാസവരുമാനം. വില്പന കേന്ദ്രങ്ങളിൽ കച്ചവടം കുറഞ്ഞതോടെ ദിവസവേതനക്കാരുടെ തൊഴിലും ഭീഷണിയിലാണ്. ഓരോ വില്പന കേന്ദ്രങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള ടാർഗറ്റ് തുകയുടെ നിശ്ചിത ശതമാനം കണക്കാക്കിയാണ് വേതനം നിശ്ചയിക്കുന്നത്. സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതായതോടെ മാസങ്ങളായി ടാർഗറ്റ് പകുതി പോലും എത്തിക്കാനാകുന്നില്ല.

സബ്‌സിഡി സാധനങ്ങളുടെ അഭാവം സാധരണക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.

രാജേഷ്, അയർക്കുന്നം