
കോട്ടയം : മഴ പെയ്താൽ വെള്ളത്തിലാകും, ചുവരുകൾ അടക്കം വിണ്ടുകീറി, ഒപ്പം പായലും പുല്ലും നിറഞ്ഞു...കോടികൾ മുടക്കി നിർമ്മിച്ച് കായികതാരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയ നാഗമ്പടം ഇൻഡോർ സ്റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി.
നഗരമദ്ധ്യത്തിൽ നാഗമ്പടം നെഹ്റു പാർക്കിന് സമീപത്താണ് സ്റ്റേഡിയം സമുച്ചയം സ്ഥിതി ചെയ്യുന്നത്. നഗരസഭയുടെ കീഴിലാണ് പ്രവർത്തനം. തടിയിൽ തീർത്ത ഫ്ലോർ പലയിടത്തും പൊട്ടിത്തകർന്നു. ഗാലറിയിലെ ഭൂരിഭാഗം ഇരിപ്പിടങ്ങളും തകർന്നു. ബാത്ത് റൂമുകൾ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. വെള്ളമില്ലാത്തതിനാൽ വൃത്തിഹീനമായി കിടക്കുകയാണ്. കൃത്യമായ മേൽനോട്ടം ഇല്ലാത്തതിനാൽ സ്റ്റേഡിയത്തിനുൾവശം പൊടി നിറഞ്ഞ് പ്രാവുകളടക്കം കൂടുകൂട്ടിയിരിക്കുകയാണ്.
എല്ലാമുണ്ട്, തിരിഞ്ഞുനോക്കാനാളില്ല
ബാഡ്മിന്റൺ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ട്, വലിയ ഗാലറി, പാർക്കിംഗ് സൗകര്യം തുടങ്ങി നിരവധി കായിക ഇനങ്ങൾ പരിശീലിക്കുന്നതിനും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും സ്റ്റേഡിയത്തിൽ സൗകര്യങ്ങളുണ്ട്. കായിക താരങ്ങൾക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഡ്രസിംഗ് റൂം, ബാത്ത് റൂം എന്നിവയുണ്ട്. നഗരസഭയുടെ വരുമാന മാർഗങ്ങളിലൊന്നാണ് സ്റ്റേഡിയം. പ്രദർശനങ്ങൾ, മറ്റ് പരിപാടികൾ തുടങ്ങിയവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
ചെലവഴിച്ചത് : 23 കോടി
കെട്ടിടത്തിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ നടപടിയില്ല. കായികതാരങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയാണിത്.
കായികതാരങ്ങൾ