shaju

പാലാ : നഗരസഭയുടെ ചരിത്രത്തിലെ ആദ്യ സി.പി.എം ചെയർപേഴ്‌സൺ ജോസിൻ ബിനോയുടെ കാലാവധി അവസാനിക്കുന്നു. ജനുവരി രണ്ടാം ആഴ്ചയോടെ സ്ഥാനം രാജിവയ്ക്കും. തുടർന്ന്‌ കേരള കോൺഗ്രസ് (എം) പ്രതിനിധിയും, സീനിയർ കൗൺസിലറുമായ ഷാജു തുരുത്തൻ ചെയർമാനാകും. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിനായിരുന്നു ചെയർമാൻ സ്ഥാനം. ആന്റോ ജോസ് ചെയർമാൻ സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയശേഷമാണ് സി.പി.എം പ്രതിനിധിയ്ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും പലതും പൂർത്തിയാക്കാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ്‌ ജോസിന്റെ പടിയിറക്കം. ഇതിനിടയിൽ നഗരസഭ സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ബിനു പുളിക്കക്കണ്ടവും, ജോസിൻ ബിനോയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നത ഏറെ വിവാദവുമുയർത്തിയിരുന്നു. 28 വർഷമായി കൗൺസിലറാണ് ഷാജു. ഒന്ന്, രണ്ട് വാർഡുകളെ മാറി പ്രതിനിധീകരിച്ചിരുന്ന ഷാജു നിലവിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. കെ.എം.മാണിയുമായി ആഴത്തിൽ ബന്ധം സ്ഥാപിച്ചിരുന്ന ഷാജു പാലാ സെന്റ്‌ തോമസ്‌ കോളേജ് യൂണിയൻ ചെയർമാനും, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. എൽ.എൽ.ബിയ്ക്ക്‌ ചേർന്നെങ്കിലും പഠനം പാതിവഴിയിൽ നിറുത്തി ബിസിനസ് രംഗത്തേക്ക് കടന്ന ഷാജു ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതിയംഗമാണ്. മുൻ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. ബെറ്റി ഷാജുവാണ് ഭാര്യ.