
കമ്മിറ്റി വിളിക്കണമെന്ന്ആവശ്യം
കോട്ടയം: തോമസ് ചാഴികാടൻ എം.പിയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കാത്ത നേതൃത്വത്തിനെതിരെ കേരളാകോൺഗ്രസ് എം അണികളിൽ അമർഷം ശക്തമാകുന്നു,
'കെ.എം.മാണി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് കുറ്റപ്പെടുത്തി പാർട്ടി ഉന്നതാധികാരസമിതി അംഗവും മുൻ എം.എൽ.എയുമായ പി.എം.മാത്യു രംഗത്തെത്തിയിട്ടും നേതൃത്വം മൗനം പാലിക്കുകയാണ്. ഇതുപോലൊരു അപമാനം പാർട്ടിക്ക് ഉണ്ടായിട്ടില്ല. ചാഴികാടൻ പറഞ്ഞത് ജനകീയ പ്രശ്നങ്ങളാണെന്ന് ചെയർമാൻ ജോസ് കെ മാണി മുഖ്യമന്ത്രിയെ തിരുത്തണമായിരുന്നു. എം.പിയുടെ പ്രിവിലേജിനെതിരായ പ്രോട്ടോക്കോൾ ലംഘനത്തിൽ ചാഴികാടനും പ്രതികരിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ മുന്നിൽ തൊഴുകൈയുമായ് നിന്നത് വീണ്ടും അപമാനമായി.ഏതു മുന്നണിയിലാണെങ്കിലും ശക്തമായ് പ്രതികരിച്ച പാരമ്പര്യമാണ് കേരളാ കോൺഗ്രസ് എമ്മിന്റേത് ഇങ്ങനെ പോയാൽ അണികൾ ഇല്ലാതാകും .ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ് പരിഗണിക്കുന്ന ചാഴികാടന് ഉണ്ടായ അപമാനം പാർട്ടി കമ്മിറ്റി അടിയന്തിരമായ് വിളിച്ച് ചർച്ച ചെയ്യണമെന്നും മാത്യു ആവശ്യപ്പെട്ടു.
കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന റബർ സമ്മേളനം നവകേരളയാത്രക്കു പിന്നാലെ നടത്തി മുഖം രക്ഷിക്കാനുള്ള നീക്കവും മാണി ഗ്രൂപ്പ് നടത്തുന്നുണ്ട്.
മിന്നും ജയംനേടിയ ചാഴികാടൻ
കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഒരു ലക്ഷത്തി ആറായിരം വോട്ടിനാണ് ചാഴികാടൻ ഇടതു സ്ഥാനാർത്ഥിയായ ഇപ്പോഴത്തെ സഹകരണ മന്ത്രി വി.എൻ.വാസവനെ തോൽപ്പിച്ചത്. ഇടതു സ്ഥാനാർത്ഥിയായ് വീണ്ടും മത്സരിക്കുമ്പോൾ കടുത്ത മത്സരമാകും ചാഴികാടൻ അഭിമുഖീകരിക്കേണ്ടി വരിക.
വിവാദത്തിലേക്ക് പോകാതെ റോഷിയും ജോസും
മുഖ്യമന്ത്രിയുടെ മറുപടി എം.പിയെ അവഹേളിക്കുന്നതല്ല. നവകേരള യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് .മണ്ഡലത്തിലെ റബർ കർഷകരുടെ പ്രശ്നം എം.പിയെന്ന നിലയിൽ ഉന്നയിച്ച തോമസ് ചാഴികാടന്റെ നടപടിയിൽ തെറ്റില്ലെന്നുമായിരുന്നു ജസലസേചനമന്ത്റി റോഷി അഗസ്റ്റിന്റെ പ്രതികരണം. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാകട്ടെ.കൂടുതൽ പ്രതികരണത്തിന് തയ്യാറാകാതെ മുഖ്യമന്ത്രി തിരുത്തിയതോടെ പ്രശ്നം തീർന്നെന്ന നിലപാടിലാണ്.
കെ.എം മാണിയുടെ മൂത്തമകളുടെ ഭർത്താവും ഐ.എ.എസുകാരനുമായ എം.പി ജോസഫ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാകുന്നതിനിടയിൽ കോട്ടയംമണ്ഡലത്തിലെ വോട്ടർമാരുടെ മുന്നിൽ അപമാനിതനായ ചാഴികാടൻ എങ്ങനെ വോട്ടർമാരെ അഭിമുഖീകരിക്കുമെന്നചോദ്യം അണികൾ ഉയർത്തുന്നു.
പി.എം മാത്യു