padayathra

വൈക്കം: വൈക്കം എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ 26ന് പുറപ്പെടുന്ന ഒൻപതാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 135 തീർത്ഥാടകരാണ് വ്രതശുദ്ധിയോടെ പദയാത്രയിൽ അണിചേരുന്നത്. 157 കിലോ മീറ്റർ കാൽനടയായാണ് ശിവഗിരി കുന്നിലേക്ക് പുറപ്പെടുന്നത്. അഞ്ച് ദിവസം നീളുന്ന തീർത്ഥാടന പദയാത്രയുടെ ക്യാപ്റ്റൻ വൈക്കം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷാണ്. കഴിഞ്ഞ എട്ട് വർഷം പദയാത്രയെ നയിച്ച അനുഭവസമ്പത്തോടെയാണ് ബിനേഷ് ഇക്കുറിയും പദയാത്രയുടെ അമരക്കാരനാവുന്നത്. പദയാത്ര ക്യാപ്റ്റനും മറ്റ് പദയാത്രികർക്കും പീതാംബരദീക്ഷ അണിയിക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. ജാഥാ ക്യാപ്റ്റൻ പി.വി ബിനേഷിനെ ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ധർമ്മചൈതന്യ സ്വാമികൾ പീതാംബരദീക്ഷ അണിയിച്ചു. തുടർന്ന് മറ്റ് പദയാത്രികരേയും പീതാംബരദീക്ഷ അണിയിച്ചു. 26ന് രാവിലെ 9ന് ആശ്രമം ഹൈസ്‌കൂൾ അങ്കണത്തിൽ നിന്നാണ് പദയാത്ര പുറപ്പെടുന്നത്. പദയാത്ര സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പി.വി ബിനേഷിന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ധർമ്മ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 157 കിലോമീറ്റർ താണ്ടി 30ന് രാവിലെ 11ന് ശിവഗിരി മഹാസമാധിയിൽ പദയാത്ര സമർപ്പണ ചടങ്ങ് നടത്തും. പീതാംബരദീക്ഷ അണിയിക്കൽ ചടങ്ങിൽ പി.വി.ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, സെക്രട്ടറി എം.പി.സെൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, ഭാരവാഹികളായ രാജേഷ് മോഹൻ, എം.എസ്.രാധാകൃഷ്ണൻ, സെൻ സുഗുണൻ, പി.വി.വിവേക്, വനിതാസംഘം പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ, രമാ സജീവ് എന്നിവർ പങ്കെടുത്തു.