
രാമപുരം: ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെയുള്ള ലഘുലേഖകളുമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ.
ടൗണിലും പരിസരപ്രദേശങ്ങളിലുമായി മുന്നൂറോളം കടകളിലും നൂറോളം ഓഫീസുകളിലും എൻ.എസ്.എസ്.വോളണ്ടിയർമാർ ലഹരിവിരുദ്ധ സന്ദേശങ്ങളെത്തിച്ചു.
രാമപുരത്തും പരിസരപ്രദേശങ്ങളിലും എം.ഡി.എം.എ പോലുള്ള മാരകമായ ലഹരി വസ്തുക്കൾ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് വ്യാപകമായി വിൽപ്പന നടത്തിവരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ഈ ബോധവൽക്കരണ പരിപാടിയുമായി രംഗത്തുവന്നതെന്ന് സ്‌കൂൾ മാനേജർ ഡോ.ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
സ്‌കൂളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പോസ്റ്റർ ഡിസൈനിംഗ് മത്സരവും നടത്തി. പാലാ എക്‌സൈസ് ഓഫീസിലെ ഫിലിപ്പ് മാത്യു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരിക്കെതിരെ കുട്ടികൾ മനുഷ്യചങ്ങലയും തീർത്തു. പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ മെൽവിൻ കെ. അലക്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.