causeway

മുണ്ടക്കയം: മുണ്ടക്കയം നിവാസികളുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിക്കപ്പെട്ടിരിക്കുന്നു. കോസ്‌വേ പാലം നവീകരിക്കുമെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

കഴിഞ്ഞ പ്രളയത്തിലാണ് പാലത്തിന്റെ ടാറിംഗ് തകർന്നതും കൈവരികൾ ഒഴുകിപ്പോയതും. ടാറിംഗ് തകർന്നതോടെ പാലത്തിൽ കുഴികളായി. ഇതാവട്ടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വിനയായി മാറി. കുഴികളെക്കുറിച്ച് അറിവില്ലാത്ത ഇരുചക്ര വാഹന യാത്രികർക്ക് ഇവിടെ പലപ്പോഴും അപകടങ്ങൾ സംഭവിക്കുക പതിവായിരുന്നു. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ അകപ്പെട്ട് വാഹനം മറിയുന്നതും നിത്യസംഭവമായിരുന്നു. തകർന്ന കൈവരികൾക്ക് പകരം ഇരുമ്പിന്റെ കൈവരികൾ സ്ഥാപിച്ചിരുന്നു.

മഴക്കാലമായാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം തെറിക്കുന്നത് കാൽനടയാത്രക്കാർക്കും വലിയ ദുരിതമായിരുന്നു. പാലത്തിന്റെ ഉപരിതലം പൂർണമായും റീ കോൺക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 8.51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു . ഇതോടൊപ്പം പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വാട്ട‌ർ അതോറിറ്റിയുടേത് ഉൾപ്പെടെയുള്ള പൈപ്പ് ലൈനുകളും മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.